കോഴിക്കോട്: യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഷഹീന്‍ബാഗ് സമരത്തെചൊല്ലി യൂത്ത് ലീഗ് നേതൃത്വത്തില്‍ കടുത്ത ഭിന്നത. ഇക്കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെ സമരത്തില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനമാണ് ഭിന്നതയില്‍ കലാശിച്ചത്.
ശനിയാഴ്ച പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമരത്തില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുമെന്നായിരുന്നു യൂത്ത് ലീഗ് നേതൃത്വം അവകാശപ്പെട്ടത്. എന്നാല്‍, രാഹുലിനെ പങ്കെടുപ്പിക്കുന്നതിനെ സംബന്ധിച്ച് സംഘടനയില്‍ കടുത്ത അഭിപ്രായഭിന്നതയുണ്ടായി. നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ രാഹുല്‍ ഈശ്വറിനെ പങ്കെടുപ്പിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിച്ചത്.
ഫെബ്രുവരി ഒന്നു മുതലാണ് കോഴിക്കോട് കടപ്പുറത്ത് ഷഹീന്‍ബാഗ് സ്ക്വയര്‍ എന്ന പേരില്‍ സമരം നടന്നു വരുന്നത്. ഷഹീന്‍ബാഗ് മാതൃകയില്‍ വന്‍തോതില്‍ മുസ്ലിം സ്ത്രീകളെ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, സ്ത്രീകളുടെ സാന്നിധ്യം തുടക്കം മുതലെ ഇല്ലാതായപ്പോള്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ആളുകളെ വാഹനത്തില്‍ എത്തിച്ചാണ് സമരം മുന്നോട്ടുപോകുന്നത്. അതിനിടയിലാണ് സമരത്തില്‍ പങ്കെടുപ്പിക്കുന്നവരെക്കുറിച്ചുള്ള തര്‍ക്കം നേതൃത്വത്തില്‍ ഭിന്നിപ്പുണ്ടാക്കിയത്.
കേന്ദ്രമന്ത്രി അമിത് ഷാ കോഴിക്കോട്ടെത്തുമെന്നും അന്നേ ദിവസം പ്രതിഷേധമതില്‍ കെട്ടുമെന്നും പ്രഖ്യാപിച്ച നേതൃത്വം പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. അമിത് ഷായുടെ കോഴിക്കോട് സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു യൂത്ത് ലീഗിന്റെ സമരപ്രഖ്യാപനം. മുസ്ലിംലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണം പിന്നീട് പ്രതിഷേധ പരിപാടി ഉപേക്ഷിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായി. രാഹുല്‍ ഈശ്വറിനെ വിലക്കിയതോടെ യൂത്ത് ലീഗ് നേതൃത്വം വീണ്ടും വിവാദത്തിലകപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: