കെയ്റോ: ഈജിപ്റ്റിന്റെ മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്(91) അന്തരിച്ചു. മുപ്പത് വര്‍ഷം പ്രസിഡന്റായിരുന്ന അദ്ദേഹം 2011ല്‍ നടന്ന അറബ് വസന്തത്തിലാണ് അധികാരത്തില്‍നിന്നും പുറത്തായത്.
ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ച്ചയായി കെയ്റോ സൈനിക ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹോസ്നി മുബാറകിന്റെ മരണത്തോടെ ഈജിപ്റ്റിന്റെ ഒരു ചരിത്ര ഏടാണ് അവസാനിക്കുന്നത്. 1981ല്‍ ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡന്റായി ചുമതലയേറ്റ ഹോസ്നി, മറ്റ് അറബ് രാജ്യങ്ങളുടെ നിലപാ
ടുകള്‍ക്ക് വിരുദ്ധമായി ഇസ്രായേലുമായുള്ള സമാധാനത്തിന് വലിയ പ്രാധാന്യം നല്കിയ നേതാവാണ്. അമേരിക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും ഹോസ്നി മുബാറക്ക് തന്റെ ഭരണ കാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1928ല്‍ ജനിച്ച ഹോസ്നി സൈനികനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വ്യോമ സേനയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അറബ് ഇസ്രായേല്‍ യുദ്ധത്തിലും ഒരു നിര്‍ണായക പങ്ക് വഹിച്ചു.ഈജിപ്റ്റിലെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്തിന്റെ കാലത്ത് ഈജിപ്റ്റിന്റെ വൈസ് പ്രസിഡന്റ് ആയി. പിന്നീട് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രസിഡന്റായി ചുമതലയേറ്റത്. ഇതിന് ശേഷം ഇസ്രായേലും പാലസ്തീനുമായുള്ള സമാധാനക്കരാര്‍ കൊണ്ടുവരുന്നതിനായി ഏറെ പരിശ്രമിച്ചു.
അറബ് വസന്തത്തിന് ശേഷം മൂന്ന് വര്‍ഷക്കാലം തടവു ശിക്ഷ അനുഭവിച്ചിരുന്നു. 2011 ല്‍ പശ്ചിമേഷ്യയില്‍ അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് അധികാരം നഷ്ടപ്പെട്ടത്. തുടര്‍ന്ന് 2012ല്‍ അദ്ദേഹത്തിനെതിരെ നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തി ജീവപര്യന്തം തടവിന് വിധിച്ചു. അഴിമതി, പോലീസുമൊത്തുള്ള ഗൂഢാലോചന, അറബ് വസന്തത്തില്‍ പ്രതിഷേധക്കാരെ വകവരുത്തല്‍ തുടങ്ങിയവയാരോപിച്ചാണ് കുറ്റം ചുമത്തിയിരുന്നത്.
മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച അദ്ദേഹം ആ കാലയളവില്‍ കെയ്റോ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തടവ് ശിക്ഷ വിധിച്ച 2012ലെ വിധി കോടതി 2015ല്‍ റദ്ദാക്കിയിരുന്നു. അദ്ദേഹത്തിന്റെ മക്കളായ അലാ, ഗമാല്‍ എന്നിവര്‍ക്കും കേസില്‍ തടവ് അനുഭവിക്കേണ്ടിവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: