കോയമ്പത്തൂര്‍: എവിടെയും തളം കെട്ടിക്കിടക്കുന്ന ചോര. ചിതറിത്തെറിച്ച മാംസക്കഷങ്ങള്‍, ഒടിഞ്ഞമര്‍ന്ന് വാഹനങ്ങളുടെ ഭാഗങ്ങള്‍, ഒരു വശം പാടെ തകര്‍ന്ന് ഇഞ്ചപ്പരുവമായ ബസ്. രക്തത്തിന്റെയും മാംസം ചതഞ്ഞരഞ്ഞതിന്റെയും രൂക്ഷ ഗന്ധം. തിരുപ്പൂരിനടുത്ത് അവിനാശിയില്‍ 19 പേരുടെ ജീവനെടുത്ത അപകടം നടന്ന സ്ഥലം. ഉറക്കത്തിലാണ്ടവര്‍ മരണം വന്നതറിഞ്ഞില്ല.
കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ഇടിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്ത നിമിഷങ്ങളായിരുന്നു. വലതുവശത്ത്ഡ്രൈവറും അദ്ദേഹത്തിന്റെ പിന്നിലെ സീറ്റിലുള്ളവരില്‍ പലരും ചിന്നിച്ചിതറിയതും പുറകിലിരുന്നവര്‍ ആദ്യം അറിഞ്ഞില്ല. സ്വയബോധം വീണ്ടെടുത്തപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കുപറ്റിയിരുന്നു. രക്തത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് തിരുപ്പൂര്‍ ജില്ലാ ആശുപത്രില്‍ എത്തിക്കുമ്പോള്‍ പരിസരവും കണ്ണീരില്‍ കുതിര്‍ന്ന ദുരന്തഭൂമിക്ക് സമാനമായി.നേരം പുലരുന്നതിനു മുന്‍പുതന്നെ ഉണ്ടായ അപകടമായിട്ടും കേട്ടവര്‍ കേട്ടവര്‍ ദുരന്തമുഖത്തെത്തി സേവനത്തില്‍ ഏര്‍പ്പെട്ടു. ആശുപത്രിയിലേക്കും മോര്‍ച്ചറിയിലേക്കും എല്ലാ തിരക്കുകളും മാറ്റി ഒന്നിച്ചു. മലയാളി സമാജവും അതുപോലെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും ഫയര്‍ഫോഴ്സിനൊപ്പം കൂടി.
കമ്പിപ്പാരയും, കട്ടറുകളും മറ്റും ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ബസ് യാത്രക്കാരെ രക്ഷിച്ചത്. പലവാഹനങ്ങളിലും, ആംബുലന്‍സുകളിലുമായി വിവിധ ആശുപത്രികളിലേക്ക്. പ്ലാസ്റ്റിക് പായയിലാണ് ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും മറ്റും പെറുക്കിയെടുത്ത് കൂട്ടിക്കെട്ടി ഭാണ്ഡമാക്കി ആശുപത്രിയിലെത്തിച്ചത്. ഉറ്റവരെ ഒരുനോക്ക് കാണാന്‍ പോലും കഴിയാത്ത വിധമായിരുന്നു. മരിച്ചവരില്‍ പലരും നാട്ടിലെ ഉത്സവങ്ങളിലും, വിവാഹാഘോഷങ്ങള്‍ക്കും, വാവുബലിക്കും, പിറന്നാള്‍ ആഘോഷത്തിനും പങ്കെടുക്കാനാണ് പുറപ്പെട്ടത്. എന്നാല്‍ എത്തിപ്പെട്ടതാകട്ടെ മോര്‍ച്ചറിയില്‍.
അപകടവിവരമറിഞ്ഞ ബന്ധുക്കളില്‍ പലരും ഇതിനോടകം തന്നെ അവിനാശിയിലേക്ക് തിരിച്ചിരുന്നു. തിരുപ്പൂര്‍ ഗവ.ആശുപത്രിയില്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. അപകടവിവരമറിഞ്ഞ് നിരവധിയാളുകളാണ് ആശുപത്രിയില്‍ എത്തിയിരുന്നത്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചു. വാഹനങ്ങളിലെത്തിയ ബന്ധുക്കളെ പോലീസ് സംരക്ഷണത്തിലാണ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ അതാത് സ്ഥലങ്ങളിലേക്ക് അയക്കുകയായിരുന്നു. ഓരോ മൃതശരീരവും പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു വെളിയിലേക്ക് വരുമ്പോഴും കൂട്ടത്തോടെ കരഞ്ഞുകൊണ്ട് ഓടുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ജനങ്ങള്‍ കൂടെ നിന്നു.തേങ്ങലുകള്‍ മാറാത്ത മണിക്കൂറുകള്‍ കടക്കുമ്പോള്‍ വിശപ്പിനും ദാഹത്തിനും ആശ്വാസമായി അവിടെ കൂടിയ പൊതുജനവും സന്നദ്ധ സംഘടനകളുംഭക്ഷണവും വെള്ളവും എത്തിച്ചുകൊണ്ടിരുന്നു. മരണം എല്ലാവരെയും തളര്‍ത്തിയപ്പോഴും സഹജീവികളുടെ സ്നേഹം പ്രതീക്ഷയുടെ തിരിനാളമായിമാറി അവസാന മൃതദേഹവും കയറ്റിവിട്ട ശേഷമാണ് ഇവര്‍ തിരികെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: