ചേര്‍ത്തല: ദേശീയപാതയില്‍ ചമ്മനാട്ട് 26 വര്‍ഷം മുന്‍പ് ഉണ്ടായ ബസ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇന്നും നാട്ടുകാരുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. 37 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ മൂന്ന് പേരെ ഇന്നും തിരിച്ചറിയാനായിട്ടില്ല. 1994 ഫെബ്രുവരി അഞ്ചിന് രാത്രി പത്തരയോടെയാണ് ദേശീയപാതയില്‍ ചമ്മനാട് ഇസിഇകെ യൂണിയന് ഹൈസ്കൂളിന് സമീപം കെഎസ്ആര്‍ടിസി ബസും കയര്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ചത്.
തൃശൂരില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ബാലമന്ദിരത്തിലെയും ബാലികാമന്ദിരത്തിലെയും കുട്ടികളടക്കം 103 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലോറിയുടെ ഹെഡ്ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാല്‍ ബസിന് മുന്നിലുണ്ടായിരുന്ന സൈക്കിള്‍ യാത്രികനെ ബസ് ഡ്രൈവര്‍ തൊട്ടടുത്തെത്തിയപ്പോഴാണ് കണ്ടത്. ഇയാളെ രക്ഷിക്കാന്‍ ബസ് വലത്തേക്ക് വെട്ടിച്ചതോടെ എതിരെ വരികയായിരുന്ന ലോറിയുടെ ഡീസല്‍ ടാങ്കിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു.
ലോറിയിലുണ്ടായിരുന്ന കയര്‍ തീ ആളിപ്പടരാന്‍ കാരണമായി. ബസ് യാത്രികരായ 33 പേരും ലോറിയിലെ രണ്ടുപേരും ഉള്‍പ്പെടെ 35 പേരാണ് സംഭവസ്ഥലത്ത് കത്തിച്ചാമ്പലായത്. പിന്നീട് ചികിത്സയിലിരിക്കെ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി മരിച്ചതോടെ സംഖ്യ 37 ആയി. വളരെ ശ്രമപ്പെട്ടാണ് 26 പേരെ തിരിച്ചറിഞ്ഞത്.
തിരിച്ചറിയാനാകാത്ത ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ചേര്‍ത്തല നഗരസഭ ശ്മശാനത്തില്‍ സംസ്കരിച്ചു. ആറു മാസത്തിന് ശേഷം സംസ്ക്കരിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഇനിയും മൂന്നു പേര് ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: