കണ്ണൂര്‍: ഒന്നര വയസ്സുകാരനായ മകന് വിയാനെ കടല്‍ത്തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യയുടെ മുഖം തെളിവെടുപ്പിന്റെ ഘട്ടത്തില്‍ തീര്‍ത്തും നിര്‍വികാരം. സ്വന്തം വീട്ടിനുള്ളില്‍ എത്തിച്ചപ്പോള്‍ മാത്രം കണ്ണുകള്‍ നിറഞ്ഞു.
ആള്‍ക്കൂട്ടം മുഴുവന്‍ രോഷത്തോടെ പ്രതികരിച്ചപ്പോഴും ശരണ്യ അതൊന്നും ശ്രദ്ധിച്ചതേയില്ല. പോലീസിന്റെ ശക്തമായ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ എങ്ങോട്ടും ശ്രദ്ധപോയില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളും ശ്രദ്ധിച്ചില്ല. കടല്‍ത്തീരത്ത് കരിങ്കല്ലുകള്‍ക്കിടയില്‍ വിയാന്റെ മൃതദേഹം കിടന്ന സ്ഥലത്തെത്തിച്ച ശേഷം പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി.
എങ്ങനെയാണ് കൊലനടത്തിയതെന്ന് പോലീസിനോട് കൃത്യമായി വിശദീകരിച്ചു. കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ സ്ഥലം പോലീസിനെ കാണിച്ചു. മകന് വിയാനുമായി കടല്‍ത്തീരത്തെത്തിയ ശരണ്യ കുഞ്ഞിന്റെ മരണം ഉറപ്പിച്ചശേഷമാണ് വീട്ടിലേക്കു മടങ്ങിയതെന്ന് പറഞ്ഞു. കുഞ്ഞ് ഉറങ്ങുമ്പോഴാണ് ആദ്യം കടലിലേക്ക് എറിഞ്ഞതെങ്കില്‍ നിലവിളിക്കിടയിലായിരുന്നു രണ്ടാമത്തെ ഏറെന്ന് പോലീസ് പറഞ്ഞു. ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തില്‍ വീട്ടില്‍ നിന്നും കടപ്പുറത്തേക്ക് എത്തിയ വഴി ശരണ്യ പോലീസിനോട് വിശദീകരിച്ചു. ജനക്കൂട്ടത്തിനിടയിലൂടെ പോലീസ് ജീപ്പിലേക്ക് കയറുമ്പോഴും ആരെയും ശ്രദ്ധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: