കൊച്ചി: കളമശേരി നഗരസഭ പൊളിക്കാന്‍ നോട്ടീസ് നല്കിയ ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐസാറ്റ്) എഞ്ചിനീയറിങ് കോളേജ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം സകല ചട്ടങ്ങളും ലംഘിച്ച്. പരിസ്ഥിതി-കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ ലംഘിച്ചെന്നു മാത്രമല്ല, വ്യാജരേഖ നിര്മിക്കലും സര്‍ക്കാര്‍ ഓഫീസുകളുടെ ദുരുപയോഗവും ഇതില്‍ നടന്നു.
വരാപ്പുഴ അതിരൂപതയുടെ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സ്ഥാപനത്തിന്റെ 40,460 ചതുരശ്രയടിയിലുള്ള, കെട്ടിടം അനധികൃതമാണെന്നും ഉടന്‍ പൊളിക്കണമെന്നുമാണ് കളമശേരി നഗരസഭാ സെക്രട്ടറിയുടെ 2020 ഫെബ്രുവരി 14 ലെ ഉത്തരവ് (ടിപി2-3556/2020). എന്നാല്‍, 12 ഏക്കറിലെ മുഴുവന്‍ നിര്‍മാണവും ചട്ടവിരുദ്ധമാണ്. ചട്ടം കര്‍ശനമായി നടപ്പാക്കിയാല്‍, മരടിലെ ഫഌറ്റുകള്‍ പോലെ ഇവ പൊളിക്കേണ്ടിവരും.
തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 12 ഏക്കര്‍ സ്ഥലത്താണ് (സര്‍വേ നമ്പര്‍ 452/7) ഐസാറ്റ്. 2012ല്‍ തുടങ്ങിയ ഇത് എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലാണ്. 2.35 ലക്ഷം ചതുരശ്രയടി കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് വിദ്യാഭ്യാസ സ്ഥാപനത്തിനാണെന്ന് വാദിക്കാമെങ്കിലും സ്ഥലം കൊച്ചി സിറ്റി സ്ട്രക്ചര്‍ പ്ലാന്‍ പ്രകാരം ഗ്രൗണ്ട് ആന്‍ഡ് പബ്ലിക് ഓപ്പണ്‍ സ്പേസ് യൂസസ് സോണ്‍ (ജി1, ജി2) ല്‍ പെടുന്നതാണ്. അവിടെ നിര്‍മാണം പാടില്ല.
കെട്ടിടങ്ങള്‍ക്ക് ടൗണ്‍ പ്ലാനറുടെ അനുമതിയില്ല. എന്നാല്‍, പല കെട്ടിടങ്ങള്‍ക്കും നഗരസഭ നമ്പര്‍ നല്‍കിയിട്ടുണ്ട്. നേരായ മാര്‍ഗത്തില്‍ നേടിയതല്ല ഇത്. ചില കെട്ടിടങ്ങള്‍ക്ക് (ബിഎ-167/10) നിര്‍മാണാനുമതി ചോദിച്ചത് 2010 ഡിസംബര്‍ 12 ന്; അനുമതി നല്കിയതും അന്നുതന്നെയെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു. പരിശോധനകളൊന്നും കൂടാതെ ചില ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയെന്നര്‍ഥം. ഈ വിഷയത്തില്‍, 2019 ഡിസംബര്‍ ഏഴിന് എറണാകുളം സീനിയര്‍ ടൗണ്‍ പ്ലാനര്‍ക്കു വേണ്ടി ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ മഞ്ജു ജോണ്‍ കളമശേരി നഗരസഭാ സെക്രട്ടറിക്ക് അയച്ച കത്തില്‍, നിര്‍മാണാനുമതി നല്‍കിയതിനും കെട്ടിട നമ്പര്‍ നല്കിയതിനുംവിശദീകരണം ചോദിച്ചിരുന്നു.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്റെ (എഐസിടിഇ) അംഗീകാരമുണ്ട്. 12 ഏക്കറിലുള്ള വിദ്യാഭ്യാസ സ്ഥാപനം എന്നാണ് രേഖ. പക്ഷേ, ഇപ്പോള്‍ ആ സ്ഥലത്ത് സ്പോര്‍ട്സ് കോംപ്ലക്സ്, മറൈന്‍ എഞ്ചിനീയറിങ് കോളേജ് എന്നിവയുമുണ്ട്. വാണിജ്യാടിസ്ഥാനത്തിലാണ് സ്പോര്‍ട്സ് കോംപ്ലക്സ്. സ്വിമ്മിങ് പൂള്, ജിം, ക്രിക്കറ്റ് പ്ലാക്ടീസ് നെറ്റ്, ഫുട്ബോള്‍ ഗ്രൗണ്ട് തുടങ്ങി സകല സംവിധാനങ്ങളുമുള്ള സ്പോര്‍ട്സ് ക്ലബ്ബില്‍ അംഗത്വത്തിന് ലക്ഷങ്ങളാണ് ഫീസ്.
ഇതിനു പുറമേയാണ് മറൈന്‍ എഞ്ചിനീയറിങ് കോളേജ് ആരംഭിച്ചത്. ഇതിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ (എംഎംഡി)അനുമതിയുണ്ട്. ട്രസ്റ്റിന്റെ ചട്ടലംഘനങ്ങളും വ്യാജരേഖ നിര്‍മാണവും അടക്കം ചൂണ്ടിക്കാണിച്ചിട്ടും അനുമതി നല്കി. എംഎംഡിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഓഫീസറാണ് ഈ കോളേജിന്റെ ഡയറക്ടര്‍.
കാക്കനാട് സ്വദേശി വിവേക് കുമാര്‍. വി എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ പരാതിയിലാണ് ഇപ്പോള്‍ കളമശേരി നഗരസഭ, ഐസാറ്റിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ചോദിച്ച രേഖകളില്‍ ചിലതിന് ഫയല്‍ കാണാനില്ല എന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്. രേഖകള്‍ മുക്കുകയോ നീക്കുകയോ ചെയ്തുവെന്നും അതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും വ്യക്തം. പ്രധാനമന്ത്രിയുടെ ഓഫീസ്, ഷിപ്പിങ് മന്ത്രാലയം, മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ്, എഐസിടിഇ, തുടങ്ങിയവയ്ക്കും കളമശേരി നഗരസഭയ്ക്കും അടക്കം പരാതികള്‍ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: