കൊച്ചി: പള്ളികളില്‍ വിശുദ്ധ ബലിയര്‍പ്പിക്കുമ്പോള്‍ പുരോഹിതര്‍ വിശ്വാസികള്‍ക്കു നല്കുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും നിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഭക്ഷ്യസുരക്ഷാ നിയമത്തിന് അനുസൃതമായി നിലവാരം ഉറപ്പുവരുത്തണമെന്നായിരുന്നു ആവശ്യം.
ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി ഇവ വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ അതു ക്രിസ്ത്യന്‍ സഭ തന്നെ ചെയ്യണം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരവും വിശ്വാസപ്രമാണങ്ങളുമാണു നമുക്കുള്ളത്. മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു വരുത്തുന്നു. ആ സ്വാതന്ത്ര്യത്തെ വിശാലമായ രീതിയിലാണു കാണേണ്ടത്. വിശ്വാസികളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതാണു ഭരണഘടനയെന്നും കോടതി പറഞ്ഞു. അപ്പവും വീഞ്ഞും കഴിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമായാണ്. അല്ലാതെ വിശപ്പകറ്റാനുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളല്ല അതെന്നും കോടതി പറഞ്ഞു.
ഒരേ സ്പൂണ്‍ ഉപയോഗിച്ചാണ് വിശ്വാസികളുടെ നാവില്‍ വീഞ്ഞ് വൈദികന് പകരുന്നത്. പുരോഹിതന് തന്റെ കൈവിരലുകള്‍ കൊണ്ടുതന്നെ അപ്പക്കഷണങ്ങളും നല്കുന്നു. സ്പൂണോ വിരലുകളോ കഴുകുന്നില്ല. വിശ്വാസികളുടെ നാവിലെ ഉമിനീരു വഴി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും തള്ളാനാവില്ല എന്നായിരുന്നു ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: