തിരുവനന്തപുരം: നേപ്പാളില്‍ വിനോദയാത്രയ്‌ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് ആദരഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. പ്രവീണ്‍കുമാറിന്റെയും ശരണ്യയുടെയും സംസ്‌കാര ക്രിയകള്‍ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവ് ആണ്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് മൂന്നുവയസ്സുക്കാരന്‍ ചടങ്ങുകള്‍ നിര്‍വഹിച്ചത്.

മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകളില്ലാതെ സംസ്‌കരിച്ചു. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാര്‍ക്കു ചിതയൊരുക്കിയത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് നേപ്പാളിലെ ദമാനില്‍ നിന്ന് മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച അഞ്ചു ബോഗികളിലായി മൃതദേഹങ്ങള്‍ പുറത്തേക്കെത്തിയത്. പ്രവീണിന്റെ സഹോദരീഭര്‍ത്താവ് രാജേഷ് ഉള്‍പ്പടെയുള്ളവര്‍ എത്തി. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡല്‍ഹിയിലെത്തിച്ചത്.

അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകിയതിനാല്‍ കാത്തിരിപ്പ് നീണ്ടു. മേയര്‍ കെ.ശ്രീകുമാര്‍, എം.വിന്‍സന്റ് എംഎല്‍എ, കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണു മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. തുടര്‍ന്ന് ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. അവിടെ നിന്ന് സര്‍ക്കാര്‍ നടപ്പടിക്രമങ്ങള്‍ അനുസരിച്ചാണ് വീട്ടിലെക്ക് മൃതദേഹങ്ങള്‍ എത്തിച്ചത്.
















