ന്യൂദല്‍ഹി: ലോക ശ്രദ്ധനേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധിക ചാരുലത പട്ടേല്‍(88) അന്തരിച്ചു. ആരാധകരെന്ന വാക്കിനു പുതിയ മാനങ്ങള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ചാരുലതയുടേത്. ആ കളിആവേശം ലോകംമുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എഡ്ബാസ്റ്റണില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മുഖത്ത് ത്രിവര്‍ണപതാക വരച്ച് കാണികള്‍ക്ക് ആവേശം നല്‍കിയ ചാരുലതയെ കളിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എത്തി സന്തോഷം അറിയിച്ചിരുന്നു. തിരിച്ച് വിരാടിനെ വാത്സല്യത്തോടെ നെറ്റിയില്‍ ഉമ്മവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഇന്ത്യയുടെ സൂപ്പര്‍ ഫാന്‍ എന്നനിലയില്‍ ബിസിസിഐ ട്വീറ്റ് ചെയ്തതോടെ ആരാധിക കൂടുതല്‍ വൈറലായി. തുടര്‍ന്ന് ലോകകപ്പിലെ ഇന്ത്യയുടെ എല്ലാമത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റും ചാരുലതയ്‌ക്ക് ബിസിസിഐ സംഘടിപ്പിച്ചു നല്‍കി.
















