ന്യൂദല്‍ഹി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അവ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനാജനകമായിരുന്നെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം ഫ്ളാറ്റുകളെല്ലാം പൊളിച്ചുനീക്കിയെന്ന് അറിയിച്ചപ്പോഴായിരുന്നു പ്രതികരണം.
ഫ്ളാറ്റുകള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ തങ്ങള്‍ കണ്ടിരുന്നതായി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പൊളിക്കുമ്പോള്‍ ചില ഭാഗങ്ങള്‍ കായലിലേക്ക് വീണിട്ടുണ്ട്. അവയടക്കമുള്ള അവശിഷ്ടങ്ങളെല്ലാം നീക്കണം. നാലാഴ്ചയ്ക്കുള്ളില്‍ തന്നെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി പൂര്‍ത്തീകരിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഫെബ്രുവരി പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ നടപടികളിലേക്ക് കടക്കും.
ഈ കോടതിക്ക് മുന്നിലെത്തുന്ന ഹര്‍ജികള്‍ മാത്രമല്ല, അനൗദ്യോഗിക ഹര്‍ജികളും കത്തുകളും ബെഞ്ചിന് ലഭിക്കുന്നു. മരടിലെ ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സാധാരണ പത്തു കത്ത് വീതമെങ്കിലും ലഭിക്കുന്നുണ്ട്. ഒരു കത്തില്‍ പറഞ്ഞിരിക്കുന്നത് ഒരു പ്രത്യേക ഉദ്യോഗസ്ഥനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ്. എല്ലാ വിവരങ്ങളും കോടതിക്ക് ലഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവും ഇപ്പോള്‍ പുറപ്പെടുവിക്കുന്നില്ല. ആദ്യം പൊടിയടങ്ങട്ടെ, എന്നിട്ടാവാം തുടര്‍ നടപടികള്‍. ഇനിയെങ്കിലും കേരളത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ഉയരില്ല എന്നാണ് വിശ്വാസം, ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കിയെന്ന് സംസ്ഥാന സര്‍ക്കാരും ഫ്ളാറ്റ് നിര്‍മാതാക്കളും ഇന്നലെ കോടതിയെ അറിയിച്ചു. സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി ചിലത് വില്ക്കാന് അനുമതി നല്‍കണമെന്നും നിര്‍മാതാക്കളായ ജയിന് ഹൗസിങ് കോടതിയില്‍ ആവശ്യപ്പെട്ടു. അപേക്ഷ തന്നാല്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: