ന്യൂദൽഹി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കേണ്ടി വന്നത് വേദനാജനകമാണെങ്കിലും തീരദേശ നിയമം ലംഘിക്കുന്നവർക്ക് ഇത് ഒരു പാഠമാകണമെന്ന് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഇനിയെങ്കിലും അനിയന്ത്രിത നിർമാണം കുറയുമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കായലിൽ വീണ അവശിഷ്ടങ്ങൾ ഉടൻ നീക്കണമെന്ന് അറിയിച്ച് കോടതി തുടർ ഉത്തരവ് നാലാഴ്ചയ്‌ക്ക് ശേഷം പുറപ്പെടുവിക്കും.
2019 മെയ് 8 ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയ ആത്മവിശ്വാസത്തോടെയാണ് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയ റിപ്പോർട്ട് സർക്കാർ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിൽ സമർപ്പിച്ചത്. അതേസമയം നഷ്ടപരിഹാരം ലഭിക്കാൻ സിവിൽ കോടതിയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന ഭീമമായ കോടതി ഫീസിൽ ഇളവിനായി ഉത്തരവ് നല്കാമെന്നും, നഷ്ടപരിഹാരത്തിൽ പരാതി ഉള്ളവർക്ക് അപേക്ഷ നല്കാം എന്നും കോടതി വ്യക്തമാക്കി. എന്നാൽ കണ്ട് കെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം അടയ്‌ക്കാൻ അനുവദിക്കണം എന്ന ജെയിൻ ഹൗസിംഗിന്റെ ആവശ്യം കോടതി നിരാകരിച്ചു.
ഫ്ലാറ്റിന്റെ വില അനുസരിച്ച് ഓരോ കെട്ടിടങ്ങളിലെയും ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം വീതം ആദ്യഘട്ട നഷ്ടപരിഹാരം നൽകാനായിരുന്നു സുപ്രീംകോടതി നിർദേശം. ബാക്കി തുക സംബന്ധിച്ച് റിട്ട.ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ കോടതി പരിശോധിക്കും.
മരടിൽ ശനിയാഴ്ചയാണ് രണ്ട് ഫ്‌ളാറ്റുകൾ പൊളിച്ചത്. തുടർന്ന് ഇന്നലെയും ഫ്‌ളാറ്റുകൾ തകർത്തു. ഇതിന് പിന്നാലെ പ്രദേശത്ത് പൊടി വ്യാപിച്ചു. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെയും രംഗത്തെത്തുകയും നഗരസഭാധ്യക്ഷയെ തടയുകയും ചെയ്തിരുന്നു. ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന് 2019 മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിടുന്നത്. പിന്നീട് പലതവണ പുനപരിശോധനാ ഹർജികളായും തിരുത്തൽ ഹർജികളായും വിധി നടപ്പാക്കുന്നത് വൈകി. ഒടുവിൽ ക്ഷമകെട്ട കോടതി ഉത്തരവ് പാലിക്കാതിരുന്നാൽ വീണ്ടും സ്വമേധയാ കേസെടുത്ത് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുകയും ചെയ്തു.
രൂക്ഷമായ ശകാരമാണ് അന്ന് ചീഫ് സെക്രട്ടറി കോടാതിയിൽ നിന്നും കേട്ടത്. തുടർന്ന് എത്രയും പെട്ടെന്ന് ഫ്ലാറ്റുകൾ പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ട് കോടതിയിൽ സത്യവാങ്മൂലം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: