കണ്ണൂര്‍: ഹിന്ദുരാഷ്ട്രമെന്നത് രാഷ്ട്രീയ പദ്ധതിയല്ല, നമ്മുടെ ചുമതലാ ബോധമാണെന്ന് ഡോ. രാകേശ് സിന്‍ഹ എംപി. അത് ഭരണഘടന അടിസ്ഥാനമായുള്ള പദ്ധതിയല്ല. മറിച്ച് സാമൂഹ്യ-സാംസ്കാരിക പദ്ധതിയാണ്. ആധുനിക രാഷ്ട്രസങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സാംസ്കാരികത്തനിമയുടെ രൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാകേശ് സിന്‍ഹ.
ഹിന്ദുരാഷ്ട്ര സങ്കല്പ്പമെന്നത് മതരാഷ്ട്രവാദമാണെന്ന വിമര്‍ശനം നമുക്ക് കാണാന്‍ സാധിക്കും. ഇത് വസ്തുതയല്ല. ഭാരതം ഒരു സംസ്കാരമാണ്. അതോടൊപ്പം ഒരു ജനാധിപത്യ രാഷ്ട്രവുമാണ്. താഴെ ത്തട്ടിലുള്ള ജനാധിപത്യമാണ് നമുക്കുള്ളത്. അഭിപ്രായസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവുമെല്ലാം നമുക്ക് കാണാന്‍ സാധിക്കും. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന സാംസ്കാരിക ബോധമാണത്.
കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യന്‍ സംസ്കാരത്തെയും ജീവിതരീതിയെയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കം നടന്നു. സെമിറ്റിസിസിമാണ് അവര്‍ പ്രോത്സാഹിപ്പിച്ചത്.
യൂണിഫോമിറ്റി ഓഫ് വര്‍ഷിപ്പാണ് അവര്‍ ലക്ഷ്യമിട്ടത്. നമ്മുടെ വൈവിധ്യത്തിനു പകരം അവര്‍ ഏകദൈവത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. ഹിന്ദുത്വത്തെ താത്കാലികമായ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരുണ്ട്. രാഹുല്‍, സീതാറാം യെച്ചൂരി തുടങ്ങിയവരെല്ലാം ആ ഗണത്തില്‍ പെടുന്നവരാണ്.
ഹിന്ദു ജീവിതരീതി വലിയ ഭീഷണിയാണ് നേരിട്ടത്. ഹിന്ദുക്കളെ ബോധവാന്മാരാക്കുകയെന്നതാണ് നമ്മുടെ ലളിതമായ ലക്ഷ്യം. നമ്മുടെ സാംസ്കാരികത്തനിമയിലുള്ള ചിന്തയെ പരിപോഷിപ്പിച്ച് മുന്നോട്ടുപോയാല്‍ ആശയധാരകളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും അത്തരത്തില്‍ ഭാരതത്തെ വിശ്വഗുരു സ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്നും രാകേഷ് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: