ഇന്‍ഡോര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ തലയില്‍ മറ്റൊരു തൂവല്‍ കൂടി. ക്യാപ്റ്റനെന്ന നിലയില്‍ ടി 20 യില്‍ അതിവേഗം ആയിരം റണ്‍സ് കുറിക്കുന്ന ആദ്യ താരമായി കോഹ്‌ലി. ശ്രീലങ്കക്കെതിരായ രണ്ടാം ടി 20 മത്സരത്തില്‍ മുപ്പത് റണ്‍സുമായി പുറത്താകാതെ നിന്നതോടെയാണ് കോഹ് ലി റെക്കോഡ് പുസ്തകത്തില്‍ കയറിയത്. ക്യാപ്റ്റന്‍ കോഹ്‌ലി മുപ്പത് ഇന്നിങ്‌സില്‍ നിന്നാണ് ആയിരത്തിലേക്ക് എത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡു പ്ലെസിസിന്റെ റെക്കോഡാണ് കോഹ്‌ലി തിരുത്തിക്കുറിച്ചത്. ഡു പ്ലെസിസ് 31 ഇന്നിങ്‌സിലാണ് ആയിരം റണ്‍സ് തികച്ചത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 36 ഇന്നിങ്‌സിലാണ് വില്യംസണ്‍ ആയിരം റണ്‍സ് നേടിയത്. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ 42 ഇന്നിങ്‌സിലാണ് ആയിരം റണ്‍സ് തികച്ചത്. ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണി 57 ഇന്നിങ്‌സില്‍ ആയിരം റണ്‍സ് കുറിച്ചു.
















