മണികണ്ഠനായിരുന്ന അയ്യപ്പന് കുട്ടിക്കാലം ചെലവഴിച്ച കൊട്ടാരങ്ങളും വളര്‍ത്തച്ഛനായ പന്തളം രാജാവ് അയ്യപ്പന് പണിതുനല്‍കിയ തിരുവാഭരണങ്ങളുമാണ് പന്തളത്തിന്റെ പുണ്യം. ശബരിമല അയ്യപ്പന് മകരസംക്രമ സന്ധ്യയില്‍ ചാര്‍ത്തുന്ന ആഭരണങ്ങളാണ് തിരുവാഭരണം. വളര്ത്തുപുത്രനുള്ള ആഭരണങ്ങള്‍. പന്തളം കൊട്ടാരത്തില്‍നിന്ന് പന്തളം രാജാവ് നേരിട്ടണിയിക്കുന്ന ആഭരണങ്ങളുമായാണ് ശ്രീ അയ്യപ്പന്റെ രൂപം ശ്രീകോവിലിനുള്ളില്‍ മകരസംക്രമസന്ധ്യയില്‍ വിളങ്ങുക.
മകരവിളക്കിന് മൂന്ന് ദിവസം മുന്‍പ് ധനു 28നാണ് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്. തങ്കത്താല്‍ നിര്‍മിക്കപ്പെട്ട തിരുവാഭരണങ്ങള്‍ ചന്ദനത്തില്നിര്മിച്ച മൂന്ന് പേടകങ്ങളിലായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍നിന്ന് കാല്‍നടയായിട്ടാണ് ശബരിമലയില്‍ എത്തിക്കുന്നത്.
യോദ്ധാവായി കാണണം എന്നു പറഞ്ഞശേഷം പന്തളം വിട്ടിറങ്ങിയ അയ്യപ്പനെ മനസ്സില്‍ കണ്ടുകൊണ്ടാണ് തിരുവാഭരണങ്ങള്‍ നിര്‍മിച്ചത്. അതുകൊണ്ടാവാം കൊമ്പന് മീശയുള്ള പടയാളിയുടെ ഭാവമാണ് തിരുമുഖത്തിന് രാജാവിന്റെ വേഷങ്ങളണിഞ്ഞ് പന്തളത്ത് വച്ച് മകനെ കാണാന്‍ കഴിയാത്തതില്‍ ദുഃഖിതനായ രാജാവ് കാട്ടില്‍ കഴിയുന്ന മകനുവേണ്ടി രാജചിഹ്നങ്ങള്‍ കൊണ്ടുപോകുന്നു എന്നതാ്തിരുവാഭരണഘോഷയാത്രയുടെ ഐതിഹ്യബലം. നെട്ടൂര്‍ പേടകമാതൃകയില്‍ രൂപപ്പെടുത്തിയിരിക്കുന്ന പ്രധാനപേടകത്തില് കിരീടത്തോടുകൂടിയ തിരുമുഖം, വാള്, ചുരിക, അരപ്പട്ട, ശരപൊളിമാല,എരിക്കിന്‍പൂമാല, നവരത്നമോതിരം, പൂര്‍ണ പുഷ്ക്കല, ആന, കുതിര, വെള്ളി കെട്ടിയ വലംപിരിശംഖ്, ലക്ഷ്മീരൂപം, പൂത്തട്ടം എന്നിവയാണ്. രണ്ടാമത്തെ പേടകത്തില്‍ തങ്കത്തില്‍ നിര്‍മിച്ച കലശക്കുടവും പൂജാപാത്രങ്ങളുമാണ്. ദീര്‍ഘചതുരാകൃതിയിലുള്ള മൂന്നാമത്തെ പേടകത്തില്‍ സ്വര്ണക്കുമിളയുള്ള ചുവപ്പ്, കറുപ്പ് എന്നീ രണ്ട് കൊടികള്‍, നെറ്റിപ്പട്ടം, തിടമ്പന്റെ ഉറ എന്നിവയാണ്. ഇതില്‍ പ്രധാന പേടകം മാത്രമേ പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തുന്നുള്ളു. മറ്റുരണ്ട് പേടകങ്ങളും മാളികപ്പുറത്തേക്കാണ് കൊണ്ടുപോകുന്നത്. എല്ലാവര്‍ഷവും ധനു 28-ാം തീയതി തിരിക്കുന്ന തിരുവാഭരണ ഘോഷയാത്ര എട്ടാംനാളിലാണ് പന്തളത്ത് മടങ്ങിയെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: