ശ്ലോകം 35
സ്വാമിന് നമസ്തേ നതലോക ബന്ധോ
കാരുണ്യ സിന്ധോ പതിതം
ഭവാബ്ധൗ
മാമുദ്ധരാത്മീയ കടാക്ഷദൃഷ്ട്യാ
ഋജ്വാതികാരുണ്യ സുധാഭിവൃഷ്ട്യാ
ആശ്രയിച്ച് നമിക്കുന്നവര്‍ക്ക് ബന്ധുവും കരുണാവാരിധിയും സ്വാമിയുമായ ഗുരുവിന് നമസ്കാരം. സംസാരസാഗരത്തില്‍ വീണു കിടക്കുന്ന എന്നെ ആത്മീയ കരുണാകടാക്ഷങ്ങളുടെ അമൃതവര്‍ഷം ചൊരിഞ്ഞ്
സംസാര ദുരിതങ്ങളില്‍ നിന്ന് നേരിട്ട് ഉദ്ധരിക്കണേ.
ഗുരുവിന്റെ അടുത്ത് ചെന്ന് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് വ്യക്തമാക്കുന്നതാണിത്. വളരെയേറെ വിനയത്തോടെ വേണം ഗുരുവിനെ സമീപിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും. ഗുരുവിനെ നല്ലപോലെ നമസ്കരിക്കണം. ശരീരവും വാക്കും മനസ്സുമൊക്കെ ആ പാദങ്ങളില്‍ സമര്‍പ്പിക്കണം. ഉപയോഗിക്കുന്ന വാക്കുകള്‍ എത്രകണ്ട് ഉള്ളില്‍ തട്ടിയതാകണമെന്ന് ഇവിടെ ചൂണ്ടിക്കാട്ടുന്നു.
സൗമ്യവും ദീനവുമായിരിക്കുമത്.
തന്നെ ശരണം പ്രാപിക്കുന്നവര്‍ക്ക് ഗുരുവിനെപ്പോലെ മറ്റൊരു ബന്ധുവില്ല. ആത്മീയതയുടെ ഉന്നതിയില്‍ നില്ക്കുന്നതായ കരുണ വഴിഞ്ഞൊഴുകുന്ന കണ്ണുകളോടെയുള്ള ഗുരുവിന്റെ ഒരു നോട്ടം മതി സംസാരസാഗരം വറ്റിപ്പോകാന്‍. അല്ലെങ്കില്‍ സംസാര സമുദ്രത്തില്‍ നിന്ന് നമ്മെ കരകയറ്റാന്‍. ആചാര്യസ്വാമി കളിലെ കവിയും തത്ത്വചിന്തകനും ഒരുപോലെ ഇവിടെ പ്രകടമാകുന്നത് കാണാം.
ഇതൊരു മികവുറ്റ പ്രാര്‍ത്ഥനയാണ്. വളരെ ഭക്തിയോടെ ഗുരുവിനോട് അപേക്ഷിക്കേണ്ട വിധമാണ് ഇവിടെ കാണിച്ചിട്ടുള്ളത്. ഒരു ഉത്തമ ഗുരു കരുണയുടെ കടലായതിനാലാണ് നത ലോക ബന്ധുവും ആകുന്നത്. ആരാണോ ആശ്രയിക്കുന്നത് അവര്‍ക്ക് കരുണ ചൊരിഞ്ഞ് അവരുടെ ദു:ഖത്തെ തീര്‍ക്കുന്നു.സംസാരത്തിന്റെ അലമാലകളില്‍ പെട്ട് മുങ്ങിപ്പൊങ്ങി, വെള്ളം കുടിച്ച് നട്ടം തിരിയുന്ന ഓരോ ശിഷ്യരും ഇങ്ങനെ തന്നെ പ്രാര്‍ത്ഥിക്കണം.
പ്രാര്‍ത്ഥന എന്നാല്‍ യാചനയല്ല. എന്തെങ്കിലുമൊക്കെ കാഴ്ചവെച്ച് കാര്യം നേടിയെടുക്കലുമല്ല. വസ്തുക്കളുടെ കൊടുക്കല്‍ വാങ്ങല്‍ നടത്തി നേടിയെടുക്കേണ്ടതുമല്ല ഗുരുവും ശിഷ്യനും തമ്മിലുള്ള പാവന ബന്ധം.താന്‍ വലിയ ആളെന്നും എല്ലാമറിയാമെന്നുമൊക്കെയുള്ള അഹന്ത വിട്ട് വേണം ഗുരുപാദങ്ങളില്‍ വീഴാന്‍. അത് വെറുമൊരു പ്രകടനമാകരുത്.ഭക്തിയോടെ നമസ്കരിക്കുമ്പോള്‍ എല്ലാ അഹന്തയും മിഥ്യാഭിമാനങ്ങളും തകരും.
വിനയം, സൗമ്യമായ ഭാഷണം, സേവനം എന്നിവയിലൂടെ ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിക്കണം. ഗുരു ഉപാസനത്തിലൂടെ ആ ഉന്നത മനോനിലയുമായി ഒന്നിക്കാന്‍ ശിഷ്യന് കഴിയും. ഗുരുവിന്റെ അനുഭൂതി ശിഷ്യനിലേക്ക് എത്തണമെങ്കില്‍ ശിഷ്യ ഹൃദയം ഭക്തി സാന്ദ്രമാകണം. നിര്‍വ്യാജഭക്തി തന്നെ വേണം. അല്ലെങ്കില്‍ ഗുരുവാക്യങ്ങളുടെ പൊരുള്‍ അറിയാനാവില്ല. സേവനതല്പ്പരതയോടെയും സമര്‍പ്പണത്തോടെയും ഗുരുവിനെ ആശ്രയിക്കുമ്പോള്‍ പിന്നെ എല്ലാം വേണ്ട പോലെയാകും.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: