ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയക്കേസ്, എയര്‍സെല്‍ അഴിമതിക്കേസ് എന്നിവയ്ക്കു പുറമേ വ്യോമയാന അഴിമതിക്കേസിലും മുന്‍ ധനമന്ത്രി പി. ചിദംബരം കുടുങ്ങിയേക്കും. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലില്‍ അഴിമതിയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന.
ഐഎന്‍എക്സ് മീഡിയക്കേസില്‍ തിഹാര്‍ ജയിലിലായിരുന്ന ചിദംബരം ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ട് മാസം ഒന്നു തികയും മുന്‍പാണ് അടുത്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. എയര്‍ ഇന്ത്യക്ക് വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസാണിത്. ആറു മണിക്കൂര്‍ ചോദ്യം ചെയ്തു.
അഴിമതിക്കേസുകളിലെ പ്രതിയായ ദീപക് തല്‍വാര്‍ ഉള്‍പ്പെട്ട എയര്‍ബസ് അഴിമതി നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കുമ്പോഴാണ്. ഈ ഇടപാടിന് അനുമതി നല്‍കിയത് ചിദംബരമാണ്. 2009ലാണ് എയര്‍ ഇന്ത്യക്കു വേണ്ടി 43 എയര്‍ബസ്സുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് ഇവ വാങ്ങാന്‍ അനുമതി നല്‍കിയത്. കേസില്‍ എന്‍സിപി നേതാവും അന്നത്തെ വ്യോമയാന മ്രന്തിയുമായ പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ ചോദ്യം ചെയ്തിരുന്നതാണ്. വിമാനങ്ങള്‍ക്ക് കരാര്‍ നല്‍കാനുള്ള നിര്‍ദേശം സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിക്കു മുന്നിലെത്തുമ്പോള്‍, പരിശീലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്ണമെന്ന വ്യവസ്ഥ കരാറിലുണ്ടായിരുന്നു. 175 ദശലക്ഷം ഡോളറാണ് ഇതിനു വരുന്ന ചെലവ്. എന്നാല്‍, വിമാനം വാങ്ങാന്‍ ഓര്‍ഡര്‍ നല്കിയപ്പോള് ഈ വ്യവസ്ഥ എടുത്തു കളഞ്ഞു. അങ്ങനെ കോടികള്‍ സ്വന്തമാക്കാന്‍ എയര്‍ബസ് കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കുകയാണ് ചെയ്തത്.
കേസില്‍ ദീപക് തല്‍വാറിനെതിരെ എന്‍ഫോഴ്സ്മെന്റ് മാര്‍ച്ച് 30ന് നല്കിയ കുറ്റപത്രത്തില്‍ പ്രഫുല്‍ പട്ടേലിന്റെ പേരുണ്ട്. പ്രഫുല്‍ പട്ടേലിന് അഴിമതിയില്‍ പങ്കുണ്ടെന്നും ദീപക് തല്‍വാറായിരുന്നു ഇടനിലക്കാരനെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. ഇടപാടു വഴി എയര്‍ ഇന്ത്യക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. അഴിമതിയില്‍ പ്രമുഖര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഇ-മെയിലുകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: