ന്യൂദല്‍ഹി: ഏതു വിശ്വാസരീതികളെയും ആരാധനാ രീതികളെയും പിന്തുടരുന്നവരെയെല്ലാം സ്വാംശീകരിക്കുന്നതാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ രചിച്ച ഹിന്ദുത്വ ഫോര്‍ ദി ചെയിഞ്ചിങ് ടൈംസ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനന്തകോടി വൈവിധ്യങ്ങളെ സ്വാംശീകരിക്കുന്നതാണ് ഹിന്ദുത്വമെന്നത്. ഏതെങ്കിലും ആരാധനാ രീതികളെയോ ആചാരങ്ങളെയോ അടിച്ചേല്‍പ്പിക്കുന്നത് ഹിന്ദുത്വത്തിന്റെ സ്വഭാവമല്ല. വിവിധ ചിന്താധാരകളുടെ ഏകത്വമാണ് ഭാരതീയ ദര്‍ശനത്തിന്റെ ആധാരമെന്നും ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. ലോകത്തിനാകെ നന്മ ചെയ്യുന്നതാണ് ഹിന്ദുത്വം. ലോകത്തിലെവിടെയുമാവട്ടെ, ആധ്യാത്മിക ഭാവത്തില്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നവരെല്ലാം വിശാല അര്‍ത്ഥത്തില്‍ ഹിന്ദുവാണ്. ഏതു മത ഗ്രന്ഥം വായിക്കുന്നു, ഏതു ജീവിത ശൈലി പിന്തുടരുന്നു എന്നത് വിഷയമല്ല. വൈദേശികമായ പല രാജ്യങ്ങളും സംസ്ക്കാരങ്ങളും ഛിന്നഭിന്നമായിട്ടും ഇന്ത്യ ഇപ്പോഴും ഒന്നായി തുടരുന്നത് ഈ ദര്‍ശനത്തിന്റെ അടിത്തറയിലാണെന്നും ഡോ. കൃഷ്ണഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പാശ്ചാത്യ രാജ്യങ്ങള്‍ ബഹുസാംസ്ക്കാരികതയുടെ അപകടം നേരിടുന്ന സാഹചര്യത്തിലാണ് പൗരത്വനിയമ ഭേദഗതി ഇന്ത്യയില്‍ പ്രസക്തമാകുന്നതെന്ന് പുസ്തക രചയിതാവ് ജെ. നന്ദകുമാര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. ഹിന്ദുത്വം എന്ന വിശാലമായ ആശയത്തെ നശിപ്പിക്കാനായാണ് മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതെന്നും ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് മുന്‍ അധ്യക്ഷന്‍ ഡോ. ലോകേഷ് ചന്ദ്ര സഹസര്‍കാര്യവാഹില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ലോകേഷ് ചന്ദ്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്ക്കര്‍ പുസ്തക പരിചയം നിര്‍വഹിച്ചു. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. രവികാന്ത് മിശ്ര പ്രസംഗിച്ചു. ഇന്‍ഡസ് സ്ട്രോള്സാണ് പുസ്തകത്തിന്റെ പ്രസാധകര്. പശ്ചിമ ബംഗാളിനെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമമാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് മമതയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളാനാണ് ശ്രമിക്കുന്നതെന്നും ഹിന്ദുത്വ ഫോര്‍ ദി ചെയ്ഞ്ചിങ് ടൈംസില്‍ ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തുന്നു.
ദേശീയ കാഴ്ചപ്പാടോടുകൂടിയുള്ള ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ മാത്രമേ ബംഗാളിനെ വീണ്ടെടുക്കാനാവൂ. വിശാല ബംഗ്ലാദേശ് സ്ഥാപിക്കാനുള്ള ഗൂഢനീക്കമാണ് ബംഗാളില്‍ അരങ്ങേറുന്നത്. ദേശവിരുദ്ധ ശക്തികളുടെ നിലപാടുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തരത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പുസ്തകത്തില്‍ ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: