ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിലുണ്ടായ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് ആവര്‍ത്തിച്ച് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമത്തിന്റെ പേരില്‍ കലാപമുണ്ടാകാത്തത്. അദ്ദേഹം ചോദിച്ചു.
ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടില്ല. പ്രതിഷേധങ്ങളും അക്രമങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. പ്രതിഷേധങ്ങള്‍ക്കു പിന്നിലെ ലക്ഷ്യം ഇതില്‍ കാണാം. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ഇതിന് വിശദീകരണം നല്‍കണം. അദ്ദേഹം മാധ്യമ ഉച്ചകോടിയില്‍ പങ്കെടുത്ത് പറഞ്ഞു. അക്രമസമരങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ബസുകള്‍ കത്തിക്കുകയും കൊള്ളിവയ്പ്പുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ പോലീസിന് വെറുതേയിരിക്കാനാവില്ല. പോലീസ് അതിക്രമം കാണിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
മറ്റ് വിഷയങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ്. പൗരത്വ നിയമ ഭേദഗതി എന്നാല്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ്, എടുത്തുകളയാനുള്ളതല്ല. ഇത് മനസിലാക്കി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കണം. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല.
പൗരത്വ നിയമം എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിനയാകുന്നത് എന്ന് രാഹുലും പ്രിയങ്ക വാദ്രയും വിശദീകരിക്കണം. ഇരുവരും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. പുതിയ നിയമം കാരണം ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. അമിത് ഷാ പറഞ്ഞു. ഇക്കാര്യം ജനങ്ങളില്‍ എത്തിക്കാന്‍ ബിജെപി രാജ്യവ്യാപകമായ പ്രചാരണം നടത്തുന്നുമുണ്ട്.
ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയും പ്രതിപക്ഷം പ്രചാരണം നടത്തുകയാണ്. ഇത് സെന്‍സസുമായി ബന്ധപ്പെട്ടുള്ളതാണ്. ഏതാനും പേരുടെ വിമര്‍ശനം രാജ്യത്തെ സ്തംഭിപ്പിക്കാന്‍ അനുവദിക്കില്ല. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ തയാറാക്കാനും മറ്റും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അനിവാര്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനം സഹിക്കവയ്യാതെ പലായനം ചെയ്ത് എത്തിയ ആറ് ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം ചട്ടപ്രകാരമുള്ളതാണ്. ഗാന്ധിജിയും നെഹ്റുവും സര്‍ദാര്‍ പട്ടേലും അടക്കമുള്ളവര്‍ നല്കിയ വാഗ്ദാന പ്രകാരമുള്ളതാണ് നിയമം. ഇന്ത്യാ വിഭജന സമയത്ത് രാജ്യത്തെ മിക്ക നേതാക്കളും പാ
ക്കിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നവര്‍ക്ക് അന്തസ്സോടെയുള്ള ജീവിതമാണ് ഞങ്ങള്‍ ഉറപ്പാക്കിയത്. അദ്ദേഹം പറഞ്ഞു. അവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ നമ്മുടെ തന്നെ ജനങ്ങളാണ്. വിഭജനത്തിനു മുന്‍പ് അവര്‍ ഇന്ത്യാക്കാര്‍ തന്നെയായിരുന്നു. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: