തൃശൂര്‍: നഗരത്തിലെ എസ്ബിഐ ശാഖയില്‍ സംഘം ചേര്‍ന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പട്ടാപ്പകല്‍ നാലു ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തമിഴ്നാട് റാഞ്ചിറയിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് നിഗമനം. റാഞ്ചിറയിലെ മോഷണ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന വിലയിരുത്തലിലാണ് അന്വേഷണം നടക്കുന്നത്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സിഐ ജോയിയുടെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബാങ്കില്‍ നിന്ന് പട്ടാപ്പകല്‍ അതിവിദഗ്ധമായി ലക്ഷങ്ങള്‍ കവര്‍ന്നത് ജനങ്ങളെയും പോലീസിനേയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. നാലു പേര് കാവല്‍ നില്‍ക്കുകയും മറ്റ് ഏഴു പേര് ജീവനക്കാരുടെ ശ്രദ്ധതിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന് കാഷ് കൗണ്ടറിലെ കാബിനില്‍ നിന്ന് നാല് ലക്ഷം രൂപ കവര്‍ന്നത്. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ നാല് ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസി ടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത്. കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്ക് പോലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
തൃശൂര്‍ റൗണ്ട് സൗത്തില്‍ സബ്വേയ്ക്കു സമീപമുള്ള ഏറ്റവും തിരക്കുള്ള എസ്ബിഐ ശാഖയില്‍ ഡിസംബര്‍ 30ന് പകലാണ് സംഭവം. 12 പേരടങ്ങിയ മോഷണ സംഘം വിദഗ്ധമായാണ് നാല് ലക്ഷം രൂപ കവര്‍ന്നത്. രാവിലെ ഒമ്പത് മുതല്‍ പലപ്പോഴായി വന്നവര്‍ ഹെഡ് കാഷ്യറുടെ കൗണ്ടറിനു ചുറ്റും കാബിനുകള്‍ക്ക് പുറത്തുമായി സംശയത്തിനിട നല്‍കാതെ തമ്പടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12ന് ഇവരിലൊരാള്‍ പണമടങ്ങിയ കെട്ടുമായി മുങ്ങി. തമിഴും ഹിന്ദിയുമായിരുന്നു സംഘം സംസാരിച്ചിരുന്നതെങ്കിലും തമിഴ്നാട്ടുകാരായ കവര്‍ച്ചാ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൗണ്ടറുകളുടെ ചുമതലയുള്ള ജീവനക്കാരുടെ ആവശ്യത്തിനായാണ് പണം ലോക്കറില്‍ നിന്ന് എടുത്തുവച്ചിരുന്നത്. പണം തട്ടിയെടുത്ത വിവരം ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ക്ലോസിങ് സമയത്ത് കാഷ് തുക ശരിയാവാത്തതിനാല്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദുരൂഹത അഴിയുന്നത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവാക്കള്‍ മുതല്‍ പ്രായമേറിയവര്‍ വരെയുള്ള 12 അംഗ സംഘം സംശയങ്ങള്‍ ചോദിച്ചും തിരക്കുണ്ടാക്കിയും ജീവനക്കാരുടെ ശ്രദ്ധതിരിച്ചായിരുന്നു കവര്‍ച്ച നടത്തിയത്. പന്ത്രണ്ടാമന് മേശവലിപ്പില്‍ നിന്നു നാല് ലക്ഷം രൂപയെടുത്ത് അരയില്‍ ഒളിപ്പിച്ചു. ബാങ്കിനുള്ളിലുണ്ടായിരുന്ന എട്ടു പേരും ഒന്നിച്ചു തന്നെ പുറത്തുപോവുന്നത് സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. തമിഴ്നാട് സ്വദേശികളാണിവരെന്നാണ് ദൃശ്യത്തില്‍ നിന്ന് വ്യക്തമാവുന്ന സൂചനയെന്നും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: