തിരുവനന്തപുരം: 2020 കായിക പ്രേമികള്‍ക്ക് ആവേശകരമായ മാമാങ്കമാകും. ജപ്പാന്‍ വേദിയാവുന്ന ഒളിംപിക്‌സാണ് ഈവര്‍ഷത്തെ ഏറ്റവും വലിയ കായിക ആവേശം. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ഒളിംപിക്‌സ് ടോക്യോയില്‍ നടക്കുന്നത്. കൂടാതെ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് രണ്ട് ക്രിക്കറ്റ് ലോകകപ്പുകളാണ്. ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയും ഐസിസി ട്വന്റി20 പുരുഷ ലോകകപ്പ് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയും നടക്കും. രണ്ട് ലോകകപ്പിനും വേദിയാവുന്നത് ഓസ്‌ട്രേലിയയാണ്. ഇതിന് പുറമെയാണ് ഐപിഎല്‍ അടക്കമുള്ള ട്വന്റി20 പൂരങ്ങള്‍ അരങ്ങേറുന്നത്.
ഫുട്‌ബോള്‍ പ്രേമികളുടെ മനംനിറച്ച് കോപ്പ അമേരിക്കയിലും യൂറോകപ്പിലും ഒരേസമയം പന്തുരുളും. ജൂണ്‍ 12 മുതല്‍ ജൂലൈ 12വരെ കോപ്പ അമേരിക്കയ്‌ക്ക് അര്‍ജന്റീനയും കൊളംബിയയും യൂറോ കപ്പിന് യൂറോപ്പിലെ 12 രാജ്യങ്ങളും വേദിയാവും. ഐ എസ് എല്ലില്‍ അടക്കം ലോകത്തെ വിവിധ ലീഗുകളിലെ പുതിയ ചാമ്പ്യന്‍മാരെ നിശ്ചയിക്കപ്പെടുമ്പോള്‍, എഫ് എ കപ്പ് ഫൈനല്‍ മെയ് 23നും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മെയ് 30നും അരങ്ങേറും. ഗ്രാന്‍സ്ലാം ടെന്നിസിന് ജനുവരി 20ന് ഓസ്‌ട്രേലിയന്‍ തുടക്കമാകും. ഫ്രഞ്ച് ഓപ്പണ്‍ മെയ് 18 മുതല്‍ ജൂണ്‍ ഏഴ് വരെയും വിംബിള്‍ഡണ്‍ ജൂണ്‍ 29 മുതല്‍ ജൂലൈ ആറ് വരെയും യുഎസ് ഓപ്പണ്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13വരെയും നടക്കും. മാര്‍ച്ച് പതിനഞ്ചിന് ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയോടെയാണ് ഫോര്‍മുല വണ്ണിന് തുടക്കമാവുക.
















