ന്യൂദല്‍ഹി : ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. നാവിക, വ്യോമ, കര സേനകള്‍ ഇനി സംയുക്തമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റത്.
അതേസമയം രാഷ്‌ട്രീയത്തില്‍ നിന്നും അകന്നാണ് താന്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ചാണ് സേവനം നടത്തിയിരുന്നത് തുടര്‍ന്നും അങ്ങിനെയായിരിക്കുമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു. 65 വയസ്സ് വരെയാണ് സംയുക്ത സേനാ മേധാവിയുടെ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് റാവത്തിന്റെ നിയമനം.
ചുമതലയേറ്റതോടെ രാഷ്‌ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ അദ്ദേഹത്തിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശക ചുമതലയും അദ്ദേഹം ഇതോടൊപ്പം നിര്‍വ്വഹിക്കും. പ്രതിരോധ സേനകളുടെ സമ്പൂര്‍ണ്ണ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഇന്നലെ കരസേന നല്‍കിയ യാത്രയയപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















