ന്യൂദല്‍ഹി : പുതുവത്സരത്തോടനുബന്ധിച്ച് 102 ലക്ഷം കോടിയുടെ പഞ്ചവത്സര നിക്ഷേപത്തിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതു- സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത് പൂര്‍ത്തിയാക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി.
അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കി വളര്‍ത്തുന്നതിനായാണ് ഈ നടപടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ 39 ശതമാനം വീതവും ബാക്കി സ്വകാര്യ മേഖലയും നിക്ഷേപം നടത്തുന്ന വിധമാണ് വിവിധ മേഖലകളിലെ നിര്‍മാണ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നതാണ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിയാലോചന നടത്തി പദ്ധതി നിര്‍ണയം നടത്താന്‍ കര്‍മസമിതിയെ നിയോഗിച്ചിരുന്നു. 102 ലക്ഷം കോടിയുടെ പദ്ധതികളാണ് അവര്‍ നിര്‍ദേശിച്ചത്. ലക്ഷ്യമിടുന്ന പദ്ധതികളില്‍ 25 ലക്ഷം കോടി രൂപയുടേത് ഊര്‍ജ മേഖലയിലാണ്.
റോഡിന് 20 ലക്ഷം കോടി, റെയില്‍വേക്ക് 14 ലക്ഷം കോടി, വിദ്യാഭ്യാസം, നഗരവികസനം, ജലസേചനം, ഡിജിറ്റല്‍ രംഗം തുടങ്ങിയ മേഖലകളിലാണ് മറ്റ് പദ്ധതി നിര്‍ദ്ദേശങ്ങള്‍. നടത്തിപ്പ് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്ലൈന്‍ എന്നു പേരിട്ട പുതിയ സംവിധാനത്തിനു കീഴിലായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആറു മാസത്തിനുശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് ആഗോള നിക്ഷേപ സംഗമം നടത്തും, പദ്ധതികളിലേക്ക് നിക്ഷേപം ക്ഷണിക്കും.
















