ന്യൂദല്‍ഹി: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനുശേഷം സിനിമാ നടനാകാന്‍ ആഗ്രഹിക്കുന്നതായി സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മാധ്യമങ്ങളുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പൂര്‍ത്തീകരിക്കപ്പെടാത്ത രണ്ട് ആഗ്രഹങ്ങളുണ്ട്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചശേഷം ഈ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനായി ശ്രമിക്കും. സിനിമയില്‍ അഭിനയിക്കണമെന്നാണ് ഒരാഗ്രഹം. പഠനം പൂര്‍ത്തിയാക്കണമെന്നതാണ് രണ്ടാമത്തെ ആഗ്രഹമെന്നും റൊണാള്‍ഡോ പറഞ്ഞു.
ഫുട്‌ബോള്‍ കളി നിര്‍ത്തിയാല്‍ ഉടന്‍ പഠനം പുനരാരംഭിക്കും. കൂടുതല്‍ പഠിച്ച് അറിവ് സമ്പാദിക്കണം. നിര്‍ഭാഗ്യവശാല്‍ ഫുട്‌ബോളിലേക്ക് വരുന്നതിന് മുമ്പ് ആര്‍ജിച്ച അറിവുകൊണ്ട് തന്റെ മനസ്സിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല.
വിരമിക്കുന്നതിനെക്കുറിച്ച് നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ശരീരം അനുവദിക്കുന്ന കാലത്തോളം കളിക്കളത്തില്‍ തുടരും. ജീവിതത്തില്‍ ഇന്നു വരെ മോശം സീസണുണ്ടായിട്ടില്ല. വെല്ലുവിളികള്‍ നേരിടാന്‍ സദാ സന്നദ്ധനാണ്. ജയിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കളിക്കളത്തിലിറങ്ങുന്നതെന്ന് റോണൊ പറഞ്ഞു.
















