മാഞ്ചസ്റ്റര്‍: ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് സാമുഹിക മാധ്യമങ്ങളില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച പാക് വംശജനായ ബ്രീട്ടീഷ് ബോക്‌സിങ് താരം ആമിര്‍ ഖാനെതിരെ സൈബര്‍ ആക്രമണം. ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ചുള്ള വസ്ത്രം ധരിച്ച് ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രമാണ് ആമിര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്.
എന്നാല്‍, ഇസ്‌ലാം മതവിശ്വാസിയായ ആമിര്‍ എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്നു തുടങ്ങി നിരവധി മതവിദ്വേഷ കമന്റുകളാണ് ചിത്രം പങ്കുവച്ച് മണിക്കൂറുകള്‍ കൊണ്ട് താരത്തിനു ലഭിച്ചത്. സാമുഹിക മാധ്യമങ്ങളില്‍ തനിക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വന്നതിനെ തുടര്‍ന്ന് താരം പ്രതികരണവുമായി രംഗത്തെത്തി.

‘ക്രിസ്മസ് വേഷത്തില്‍ എന്റെ കുടുബത്തിന്റെ ചിത്രം ഞാന്‍ പങ്കുവച്ചതിന് എനിക്ക് ലഭിച്ച വിദ്വേഷപരമായ പ്രതികരണങ്ങള്‍ ഞാന്‍ കണ്ട് ഞെട്ടിപോയി’. അത്തരം മോശം പ്രതികരണം നല്‍കിയവര്‍ക്ക് താന്‍ വെറും പുല്ലുവിലയാണ് നല്‍കുന്നതെന്നും അദേഹം വ്യക്തമാക്കി. പാക് വംശജനായ ആമിര് ജനിച്ചതും വളര്‍ന്നതും മാഞ്ചസ്റ്ററിലാണ്. ഒളിമ്പിക്‌സ് ബോക്‌സിങില്‍ വെള്ളി മെഡലും നേടി. ബ്രിട്ടനെ പ്രതിനിധീകരിച്ചാണ് ആമിര്‍ ഒളിമ്പിക്‌സില് പങ്കെടുത്തത്.
















