Categories: Vicharam

കസ്റ്റഡിയിലും ജയിലിലുമായി ചിദംബരത്തിന്റെ നൂറു ദിവസം

 ”ധൈര്യമായിരിക്കൂ, ഞാനിവിടെയുണ്ട്”. 2018 മാര്‍ച്ചില്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ കാര്‍ത്തി ചിദംബരത്തെ പാട്യാല ഹൗസ് കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ മകനോട് ചിദംബരം പറഞ്ഞു. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു അന്ന് ചിദംബരം. യുപിഎ സര്‍ക്കാരിലെ പ്രധാനിയും മുന്‍ കേന്ദ്ര മന്ത്രിയുമായ തന്നെ ആര്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിക്കാതെ ചോദിച്ചു. രാഷ്‌ട്രീയത്തിന് പുറത്തുള്ള ബന്ധങ്ങളും ഈ ആത്മവിശ്വാസത്തിന് പിന്നിലുണ്ടായിരുന്നു. അഴിമതി ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം മോദി സര്‍ക്കാരിനെ വെല്ലുവിളിച്ചു. ഒരുവേള ഇതേറ്റുപിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയും ചോദിച്ചു- ”അഴിമതി നടത്തിയെന്ന് പറയുന്നതല്ലാതെ ചിദംബരത്തെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോ?”. 

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഏറെ താമസിയാതെ അതിന് മറുപടി ലഭിച്ചു. ആഗസ്ത് 21ന് വീടിന്റെ മതില്‍ ചാടിക്കടന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഇതിന് പിന്നാലെ ഒക്ടോബര്‍ 22ന് എന്‍ഫോഴ്‌സ്‌മെന്റും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയും തിഹാര്‍ ജയിലും ചോദ്യം ചെയ്യലുമൊക്കെയായി ഇന്ന് നൂറ് ദിവസം തികച്ചിരിക്കുകയാണ് ചിദംബരം. ജയിലില്‍ പോകുമ്പോഴുണ്ടായിരുന്ന ധാര്‍ഷ്ട്യം ഇന്നില്ല. ആത്മവിശ്വാസം ഇല്ലാതായി. ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ കോടതി നല്‍കിയിട്ടും ശരീരം ശോഷിച്ചു. ഒരുകാലത്ത് ഇന്ത്യന്‍ രാഷ്‌ട്രീയത്തെ അടക്കിവാണ കോണ്‍ഗ്രസ്സിന്റെ അഴിമതിക്കൂടാരം, എന്ന് പുറത്തിറങ്ങുമെന്നറിയാതെ അഴികള്‍ക്കുള്ളില്‍ അനന്തമായി കിടന്നുറങ്ങുകയാണ്. 

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുന്‍നിര അഭിഭാഷകരുടെ പട തന്നെയാണ് ചിദംബരത്തിന് വേണ്ടി ഹാജരാകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്‌വിയും കപില്‍ സിബലുമാണ് കോടതി നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സോണിയയും രാഹുലും പ്രത്യേക താത്പര്യമെടുക്കുന്നുണ്ട്. ജയിലില്‍നിന്ന് ചിദംബരത്തെ പുറത്തിറക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുമ്പോഴും കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും ഓരോ തവണയും കൃത്യമായ തിരിച്ചടികള്‍ നല്‍കുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമ്മര്‍ദ്ദമില്ലാതെ അവരുടെ ജോലി ചെയ്തു തീര്‍ക്കുന്നു. 

ദീര്‍ഘകാലമായുള്ള ചിദംബരത്തിന്റെ ജയില്‍വാസം കോണ്‍ഗ്രസ്സിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. യുപിഎ കാലത്ത് അഴിമതിയുടെ കേന്ദ്രമായിരുന്നു ധനമന്ത്രാലയം. ചിദംബരവും മകനും മാത്രമല്ല, മറ്റ് പല ഉന്നത കോണ്‍ഗ്രസ് നേതാക്കളും കൂട്ടുകച്ചവടക്കാരാണ്. അന്തപ്പുര രഹസ്യങ്ങളുടെ താക്കോലാണ് ചിദംബരത്തിന്റെ കയ്യിലുള്ളത്. പ്രതി എന്ത് മൊഴി നല്‍കുമെന്ന ആശങ്ക നെഹ്‌റു കുടുംബത്തിനുണ്ട്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെപ്പോലും മറികടന്ന് യുപിഎ സര്‍ക്കാരിനെ നിയന്ത്രിച്ചത് സോണിയയാണെന്ന് എല്ലാവര്‍ക്കുമറിയുന്ന രഹസ്യവുമാണ്. പാര്‍ട്ടി കൂടെയുണ്ടെന്ന് ചിദംബരത്തെ ബോധ്യപ്പെടുത്താന്‍ നിരന്തര സന്ദര്‍ശനമാണ് സോണിയ നടത്തുന്നത്. ഏറ്റവുമൊടുവില്‍ രാഹുലിനൊപ്പം ബുധനാഴ്ചയും അവര്‍ ചിദംബരത്തെ കണ്ടു. മരുമകന്‍ റോബര്‍ട്ട് വാദ്ര ഏത് നിമിഷവും ജയിലിലാകുമെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ അഴിമതിയെയും ബിജെപിയുടെ  രാഷ്‌ട്രീയ വൈരമായി  വ്യാഖ്യാനിക്കേണ്ട ബാധ്യത സോണിയക്കുണ്ട്. 

കാര്‍ത്തി ചിദംബരത്തെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അറസ്റ്റിന് ദല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. ഇത് നീങ്ങിയാല്‍ അറസ്റ്റ് ചെയ്യും. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ സോളിസിറ്റര്‍ ജറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചിദംബരത്തിന് ജാമ്യം നല്‍കുന്നതിനെയും ഇഡി ശക്തമായി എതിര്‍ത്തു. കസ്റ്റഡിയിലിരിക്കെ തന്നെ സാക്ഷികളെ സ്വാധീനിക്കാനുള്ള ബന്ധങ്ങളുണ്ട് ചിദംബരത്തിന്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുത്. അഴിമതി ഗുരുതര കുറ്റകൃത്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്നത് മാത്രമല്ല, ജനങ്ങള്‍ക്ക് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനും ഇത് ഇടയാക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.  ഹര്‍ജി വിധി പറയുന്നതിനായി കോടതി മാറ്റിവച്ചു. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക