വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകനാണ് മണികണ്ഠന്. ഭക്തലക്ഷങ്ങളുടെ ഇഷ്ടദേവന് മണികണ്ഠന്റെ ജീവിതംകൊണ്ട് ധന്യമാണ് പന്തളം കൊട്ടാരം. പന്തളത്തിന്റെ ഓരോ മണ്‍തരിക്കും മണികണ്ഠന്റെ കഥകള്‍ പറയാനുണ്ട്. ശ്രീ അയ്യപ്പന്റെ അവതാരവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന രാജ്യമാണ് പന്തളം.
പുത്രദുഃഖത്താല്‍ മനംനൊന്ത് മഹാദേവനെ പ്രാര്‍ത്ഥിച്ചുകഴിഞ്ഞ പന്തളം രാജാവ് രാജശേഖരന് ഒരു ദിവസം നായാട്ടിനായി പമ്പാതീരത്തുപോയി. നായാട്ടിനിടെ കാട്ടില്‍ കുട്ടിയുടെ കരച്ചില് കേട്ട് രാജാവ് ഓടിവന്ന് എത്തിനോക്കി. കഴുത്തില്‍ മണിമാല അണിഞ്ഞ് തേജസ്സ് തുളുമ്പുന്ന കുഞ്ഞിനെകണ്ടു. രാജാവ് സംശയിച്ചുനില്ക്കെ ഒരു അശരീരിയുണ്ടായി. കുഞ്ഞിനെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വളര്‍ത്താന്‍. വളരെ സന്തോഷത്തോടെയാണ് രാജാവ് കുഞ്ഞിനെയുംകൊണ്ട് കൊട്ടാരത്തിലെത്തിയത്. പുത്രദുഃഖത്താല്‍ വേദനിച്ച തങ്ങള്‍ക്ക് മഹേശ്വരന് നല്കിയ വരദാനമായി കണക്കാക്കി രാജാവും രാജ്ഞിയും കുഞ്ഞിനെ വളര്‍ത്തി. കഴുത്തില്‍ മണിമാലയണിഞ്ഞിരുന്നതിനാല് മണികണ്ഠന് എന്നുപേരിട്ടു.
വളര്‍ന്നപ്പോള്‍ ഗുരുകുലത്തില്വിട്ട് സകലവിദ്യകളും പഠിപ്പിച്ചു. പിന്നീടാണ് രാജാവിന് സ്വന്തം പുത്രനായ രാജരാജന് ജനിച്ചത്. മണികണ്ഠനോടുള്ള സ്നേഹവും ബഹുമാനവും ഇതോടെ വര്‍ദ്ധിച്ചു. രാജാവും രാജ്ഞിയും മണികണ്ഠനാണ് പ്രധാനസ്ഥാനം നല്‍കിയത്. മണികണ്ഠന് 12 വയസ്സായപ്പോള്‍ യുവരാജാവായി അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചു. മന്ത്രിക്ക് ഇത് സഹിച്ചില്ല. മണികണ്ഠനെ വകവരുത്താനുള്ള പദ്ധതിയിട്ടു. രാജ്ഞിയെ പറഞ്ഞ് തെറ്റിധരിപ്പിച്ച് രോഗിയാക്കി അഭിനയിപ്പിച്ചു. രോഗംമാറാന്‍ പുലിപ്പാല് വേണമെന്ന് വൈദ്യനെക്കൊണ്ട് പറയിച്ചു.
പുലിപ്പാലിനായി അവസാനം മണികണ്ഠനെത്തന്നെ കാട്ടിലേക്കയച്ചു. ശിവഭൂതഗണങ്ങള് മണികണ്ഠനെ പിന്തുടര്ന്നു. മഹിഷീനിഗ്രഹം കഴിഞ്ഞ് പുലിക്കൂട്ടവുമായി മണികണ്ഠന് പന്തളത്തെത്തി. കാട്ടാരനിവാസികള് പേടിച്ചുവിറച്ചു. ചെയ്തുപോയ തെറ്റിന് മഹാറാണി മണികണ്ഠന്റെ കാല്‍ക്കല്‍വീണ് മാപ്പപേക്ഷിച്ചു. തന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയായതിനാല്‍ തനിക്ക് മടങ്ങണമെന്ന കാര്യം മണികണ്ഠന് രാജാവിനെ അറിയിച്ചു. ഹരിഹരപുത്രനാണ് തന്റെ വളര്‍ത്തുമകനെന്ന് തിരിച്ചറിഞ്ഞതോടെ രാജാവ് മണികണ്ഠനെ സ്തുതിച്ചു. ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കാനുള്ള അനുവാദവും നേടി. പന്തളം രാജാവാണ് ശബരിമല നിര്‍മിച്ചതെന്നുമാണ് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: