അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോശാലയില്‍ വൈദ്യുതാഘാതമേറ്റ് പൂർണ ഗര്‍ഭിണികളായ പശുക്കള്‍ ചത്തു. ദേവസ്വം ബോര്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അനാസ്ഥയെന്ന് ആരോപണം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ക്ഷേത്രത്തിന്റെ ഗോശാലയില്‍ മൂന്നു പശുക്കള്‍ക്ക് വൈദ്യുതാഘാതമേറ്റത്. ഇതില്‍ രണ്ടു പശുക്കള്‍ ചത്തു.
ഗോശാലയിലെ പഴകി ദ്രവിച്ച ഫാനില്‍നിന്ന് പശുക്കളെ കെട്ടിയിരുന്ന ഇരുമ്പു പൈപ്പിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് പശുക്കള്‍ ചത്തത്. പശുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഗോശാലയുടെ മതില്‍ ചാടി അകത്തുകടന്നപ്പോള്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇതോടെയാണ് അപകട കാരണം മനസ്സിലായത്.
അമ്പലപ്പുഴ കെഎസ്ഇബി ഓഫീസില്‍ വിവരമറിയിക്കുകയും ഇവിടെനിന്നു ജീവനക്കാര്‍ എത്തി വൈദ്യുതിബന്ധം വിഛേദിക്കുകയുമായിരുന്നു. പതിനഞ്ചു വര്‍ഷമായി ഗോശാലയിലെ വൈദ്യുതോപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയോ പഴകിയ ഫാന്‍, വൈദ്യുത ബള്‍ബുകള്‍ എന്നിവ മാറ്റിയിടുകയോ ചെയ്തിട്ടില്ല.
പശുക്കള്‍ക്ക് അപകടം സംഭവിച്ചതറിഞ്ഞു നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഗോശാലയ്‌ക്കു സമീപത്തെ വാഹന പാര്‍ക്കിങ് മൈതാനത്ത് ഇവയെ മറവുചെയ്തു. അറുപത്തിരണ്ട് പശുക്കളാണ് നിലവില്‍ ഗോശാലയില്‍ ഉള്ളത്. ഇതില്‍ പതിനാറു പശുക്കളും ഗര്‍ഭിണികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: