മാങ്ങാട്ടുപറമ്പ്: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മണ്ണില്‍ നിന്നും എഞ്ചിനീയറാകണമെന്ന മോഹവുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടികയറിയ മണിപ്പൂരി പയ്യന് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ട്രിപ്പിള്‍ പൊന്ന്. വിദ്യാഭ്യാസം തേടിയെത്തിയ കൊച്ചു പയ്യന് ഇപ്പോള്‍ ട്രാക്കിലെ നക്ഷത്ര താരമാണ്. ഇന്നലെ സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയതോടെയാണ് മണിപ്പൂരി താരം വാങ് മയൂം മുക്റാം കായികോത്സവത്തിലെ ആദ്യ ട്രിപ്പിള്‍ നേട്ടത്തിനുടമയായത്. ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വാങ് മയൂം 100 മീറ്ററിലും ലോങ്ജംപിലും സ്വര്‍ണം നേടിയിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ഈ മണിപ്പൂരുകാരന്‍ കേരളത്തിലെത്തിയത്. നല്ല വിദ്യാഭ്യാസം വേണം, എഞ്ചിനീയറിങ്ങ് ബിരുദം നേടണം ഇതായിരുന്നു കേരളത്തിലേക്കുള്ള വരവിനു പിന്നിലുള്ള ലക്ഷ്യം. കോഴിക്കോടുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.
സ്പോര്‍ട്സില്‍ കമ്പം തോന്നിയപ്പോള്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളില്‍ ചേര്‍ന്നു. രാജു പോള്‍ വിരമിച്ചതോടെ സെന്റ് ജോര്‍ജ് സ്കൂളിലെ സ്പോര്‍ട്സ് ഹോസ്റ്റല്‍ അടച്ചു. പിന്നീട് രാജു പോള്‍ ഇരിങ്ങാലക്കുടയിലെ കായിക പരിശീലകനായ ബാബു ആന്റണിയുമായി ബന്ധപ്പെട്ട് വാങ് മയൂമിനെ അങ്ങോട്ട് പറിച്ചുനടുകയായിരുന്നു.
വാങ് മയൂം സംസ്ഥാന കായികോത്സവത്തില്‍ സ്വര്‍ണം നേടുന്നത് ഇതാദ്യം. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വര്‍ണം പ്രതീക്ഷിച്ചിരുന്നെന്ന് ബാബു ആന്റണി പറഞ്ഞു. ലോങ്ജമ്പും നൂറു മീറ്റര്‍ ഓട്ടവും ബാബു ആന്റണിക്ക് കീഴില്‍ പരിശീലനം നടത്തിയപ്പോള്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിലെ വര്‍ഗീസ് മാഷാണ് കോച്ച്. അധ്യാപകന് കൂടിയായ ഷഹാബുദീന്റെയും മിഥിയയുടെയും രണ്ടാമത്തെ മകനാണ് വാങ് മയൂം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: