അയോധ്യാ കേസിലെ ധീരമായ ശബ്ദമായിരുന്നു ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അധ്യക്ഷനായ വസീം റിസ്വിയുടേത്. രാമജന്മഭൂമിയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടതെന്ന് നെഞ്ചുറപ്പോടെ അദ്ദേഹം വിളിച്ചുപറഞ്ഞു. തീവ്രസംഘടനകളും മതനേതാക്കളും ഭീഷണിയുമായി രംഗത്തെത്തിയപ്പോഴും വിട്ടുവീഴ്ചയില്ലാതെ പോരാടി. ക്ഷേത്രത്തിനായി സുപ്രീം കോടതിയില്‍ വാദിച്ചു. തീവ്രമതയാഥാസ്ഥിതിക നിലപാടുകളെ ശക്തമായി എതിര്‍ക്കുന്ന റിസ്വി അയോധ്യയിലെ ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു.
? വിധി സമാധാനപരമായി കടന്നുപോയിരിക്കുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്
ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വിധി സ്വാഗതം ചെയ്യുന്നു. മനോഹരവും ഏറ്റവും ഉചിതവുമായ തീര്‍പ്പാണ് ഉണ്ടായിട്ടുള്ളത്. ആരും പരാജയപ്പെട്ടിട്ടില്ല. മറിച്ച്, എല്ലാവരും ജയിക്കുകയാണുണ്ടായത്. ക്ഷേത്രം ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷേത്രവും മസ്ജിദ് ആഗ്രഹിക്കുന്നവര്‍ക്ക് മസ്ജിദും നിര്‍മ്മിക്കാം. ക്ഷേത്രത്തിന്റെ നടത്തിപ്പിനും പരിപാലനത്തിനുമുള്ള അവകാശത്തിനായാണ് നിര്‍മ്മോഹി അഖാഡ കോടതിയെ സമീപിച്ചത്. അവരെ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിരുവിടാതെ നിയമപരമായ പോരാട്ടം നയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.
? ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളിയത് വ്യക്തിപരമായി തിരിച്ചടിയല്ലേ
ബാബറുടെ സൈന്യാധിപന് മിര്‍ ബാഖ്വി ഷിയാ വിഭാഗക്കാരനായിരുന്നു. അതിനാല്‍ മസ്ജിദ് ഞങ്ങളുടേതാണെന്നാണ് ബോര്‍ഡ് വാദിച്ചത്. സുന്നിയായ ബാബര്‍ക്കോ സുന്നി വഖഫ് ബോര്‍ഡിനോ അവകാശമില്ല. 1946ല്‍ ഈ ആവശ്യം ഫൈസാബാദ് കോടതി തള്ളി. ഇതിനെതിരെ 2018 ലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അപ്പീല്‍ നല്കാന് ഇത്രയും വൈകിയതാണ് ഹര്‍ജി തള്ളാന്‍ കാരണമായത്. തര്‍ക്കസ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തര്ക്കസ്ഥലത്തുനിന്നും ന്യായമായ ദൂരത്ത് മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് പള്ളി പണിയണമെന്നും സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടി. തര്‍ക്കഭൂമിയില്‍ മസ്ജിദിന് വേണ്ടിയല്ല, ക്ഷേത്രത്തിന് വേണ്ടിയാണ് നിലകൊണ്ടത്. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ ഹര്‍ജി തള്ളിയത് വലിയ കാര്യമല്ല.
? ഭൂരിഭാഗം മുസ്ലിം സംഘടനകളും നേതാക്കളും മസ്ജിദിനായി നിലകൊള്ളുമ്പോള്‍ എന്തുകൊണ്ടാണ് രാമക്ഷേത്രത്തെ അനുകൂലിക്കുന്നത്
യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതുകൊണ്ട്. തര്‍ക്കപ്രദേശം രാമജന്മഭൂമിയാണ്. കോടിക്കണക്കിന് വിശ്വാസികള്‍ ആരാധിക്കുന്ന സ്ഥലം. അത് തകര്‍ത്താണ് ബാബറി മസ്ജിദ് പണിതത്. ഇന്ത്യന്‍ നിയമമനുസരിച്ചും ഇസ്ലാമിക നിയമപ്രകാരവും ഇത് ശരിയല്ല. ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ച പള്ളിയിലെ പ്രാര്‍ത്ഥന ഇസ്ലാമിക നിയമമനുസരിച്ച് തെറ്റാണ്. പിന്നെന്തിന് ഇതിനായി വാശിപിടിക്കണം. മക്കയും മദീനയും മുസ്ലിങ്ങള്‍ക്ക് പ്രിയപ്പെട്ടതുപോലെ അയോധ്യ ഹിന്ദുക്കളുടെ പുണ്യകേന്ദ്രമാണ്. മുസ്ലിം പാരമ്പര്യവുമായി ഇതിന് ബന്ധമില്ല താനും.
?ഇസ്ലാമിക ഭരണാധികാരികള്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ വേറെയുമില്ലേ
ഹിന്ദുക്കളെ അപമാനിക്കുന്നതിനായി മുഗളര്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും മസ്ജിദുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കാശിയും മഥുരയും ഉദാഹരണങ്ങളാണ്. സോമനാഥ ക്ഷേത്രം നിരവധി തവണ ആക്രമിച്ചു. ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചവയൊന്നും യഥാര്‍ത്ഥ മസ്ജിദുകളല്ല. ഇവിടെയുള്ള പ്രാര്‍ത്ഥന ഇസ്ലാമിനെ സംബന്ധിച്ച് ഹറാമാണ്. പിന്നെന്തിന് തൂങ്ങിപ്പിടിച്ച് നില്‍ക്കണം. ഇവയുടെയെല്ലാം അവകാശവാദം ഉപേക്ഷിച്ച് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം.
?ഇത്തരത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്ലേ. ഇത് പ്രായോഗികമാണോ
ഇന്ത്യയിലെ മുസ്ലിങ്ങള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ സാധിക്കും. മുഗളര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതാണെന്ന് അവര്‍ അംഗീകരിക്കണം. എങ്കില്‍ ചരിത്രത്തില്‍ ഹിന്ദുക്കളോട് ചെയ്ത തെറ്റ് തിരുത്താനും രാജ്യത്ത് സമാധാനം ഉറപ്പാക്കാനും കഴിയും.
? അയോധ്യാ കേസില്‍ നേരത്തെ ഒത്തുതീര്‍പ്പ് ഉണ്ടാകേണ്ടതായിരുന്നുവെന്ന് കരുതുന്നുണ്ടോ
ഒത്തുതീര്‍പ്പ് നേരത്തെ ആകാമായിരുന്നു. രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കുക മാത്രമായിരുന്നു പോംവഴി. മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം ആവശ്യപ്പെടുക. ഈ നിര്‍ദ്ദേശം ഞങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതാണ്. താല്‍ക്കാലിക ക്ഷേത്രവും പൂജയുമുള്ള അവിടെ ഒരിക്കലും മസ്ജിദ് നിര്‍മ്മിക്കാന്‍ സാധിക്കില്ല. തര്‍ക്ക പ്രദേശം വിട്ടുനല്‍കാന്‍ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും തയ്യാറായിരുന്നു. തീവ്ര സംഘടനകളും മതനേതാക്കളുമാണ് പ്രശ്നം വഷളാക്കിയത്. ഒരു വിഭാഗത്തെ വഴി തെറ്റിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇപ്പോഴത്തെ വിധിയില്‍ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്. അവര്‍ ഹിന്ദുക്കള്‍ക്കെതിരെ പോരടിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഭക്ഷണവും വിദ്യാഭ്യാസവും ജോലിയുമാണ് വേണ്ടത്. സമാധാനത്തോടെ രാജ്യത്ത് ജീവിക്കാന്‍ സാധിക്കണം.
? യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മുസ്ലിം ലീഗ്, സിപിഎം തുടങ്ങിയവര്‍ കോടതി വിധിക്കെതിരെ രംഗത്തുണ്ട്
മുതലെടുപ്പ് നടത്തരുതെന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത്തരം സംഘടനകളുടെ പ്രസ്താവനകള്‍ക്ക് യാതൊരു വിലയും കൊടുക്കേണ്ടതില്ല. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് വിധി വന്നത്. അന്തിമവിധി അംഗീകരിക്കുകയെന്നതാണ് പ്രധാനം. വ്യക്തിനിയമ ബോര്‍ഡിനും തീവ്ര നേതാക്കള്‍ക്കും പിന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന പാര്‍ട്ടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: