ഭഗീരഥശ്ചൈകലവ്യോ മനുര്‍ധന്വന്തരിസ്ഥതാ
ശിബിശ്ച രന്തിദേവശ്ച പുരാണോദ്ഗീതകീര്‍ത്തയഃ
ആതിഥ്യധര്‍മവും അന്യരുടെ ദുഃഖങ്ങള്‍ അകറ്റുന്നതും ജീവിതവ്രതമായി അനുവര്‍ത്തിച്ചു പോന്ന മഹാനായിരുന്നു സംകൃതിമഹാരാജാവിന്റെ പുത്രനായ രന്തിദേവന്‍. അതിഥിയുടെ ഇച്ഛാനുസരണം ഇഷ്ടപ്പെട്ടവ നല്‍കുക എന്ന ധര്‍മത്തില്‍ നിന്ന് ഒരിക്കലും അദ്ദേഹം വ്യതിചലിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അതിഥി സത്ക്കാരത്താല്‍ ഖജനാവ് കാലിയായിക്കൊണ്ടിരുന്നു. ഒരിക്കല്‍ രാജ്യത്താകെ കടുത്ത ക്ഷാമമുണ്ടായി. ജനങ്ങള്‍ ദുരിതത്തിലായി. അതുകണ്ട രന്തിദേവന്‍ സര്‍വവും അവര്‍ക്ക് ദാനം ചെയ്ത ശേഷം പത്‌നിക്കും പുത്രന്മാര്‍ക്കുമൊപ്പം കാട്ടിലേക്ക് പുറപ്പെട്ടു. കാട്ടില്‍ 48 ദിവസം വിശന്നു കഴിഞ്ഞ ശേഷം അദ്ദേഹത്തിന് അല്‍പം ഭക്ഷണം കിട്ടി. അതുകണ്ട ദേവകള്‍ അദ്ദേഹത്തെ പരീക്ഷിക്കാനായി അതിഥികളുടെ വേഷത്തിലെത്തി. ആ അവസ്ഥയിലും അദ്ദേഹം, കഴിക്കാതെ കിട്ടിയ ഭക്ഷണം അതിഥികള്‍ക്കു നല്‍കി. വിശപ്പും ദാഹവും മൂലം രന്തിദേവന്‍ തളര്‍ന്നു വീണു. എങ്കിലും ദേവകളുടെ പരീക്ഷയില്‍ വിജയിച്ചു. ‘ന ത്വഹം കാമയേ രാജ്യം, ന സ്വര്‍ഗം ന പുനര്‍ഭവം. കാമയേ ദുഃഖതപ്താനാം പ്രാണിനാം ആര്‍ത്തിനാശനം’ (എനിക്ക് രാജ്യമോ, സ്വര്‍ഗമോ മോക്ഷമോ ആവശ്യമില്ല. ദുഃഖിതരായ ജീവികളുടെ ദുഃഖങ്ങളെല്ലാം അകലുകയെന്നതു മാത്രമാണ് എന്റെ ആഗ്രഹം). ഇതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ഏകവ്രതം.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















