Categories: India

ചവറ്റുകുട്ടയിലായ 370-ാം വകുപ്പിന്റെ ചരിത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രത്യേക അധികാരങ്ങള്‍ ജമ്മു കശ്മീരിന് നല്‍കുന്ന ഭരണഘടനയിലെ വകുപ്പാണ് 370. അതായത് ഇന്ത്യയുടെ ശിരസ്സായ ഈ സുന്ദര ഭൂമിയെ എന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയ വകുപ്പ്. അതാണ് മോദി സര്‍ക്കാര്‍ ഇന്നലെ പറിച്ചെടുത്ത് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിഞ്ഞുകളഞ്ഞത്.

ഭരണഘടനയിലെ തികച്ചും താല്‍ക്കാലികമായ ഒരു വകുപ്പായിരുന്നു ഇത്. പിന്നീട് എടുത്തു കളയേണ്ട ഒന്നായിട്ടാണ് ഇതിനെ കണ്ടിരുന്നതെന്നര്‍ഥം. ഭരണഘടനയിലെ താല്‍ക്കാലിക കാര്യങ്ങള്‍ക്കുള്ള ഭാഗത്താണ് വകുപ്പ് ഉള്‍പ്പെടുത്തിയതും.

ഭരണഘടന ബാധകമല്ല

ഭരണഘടനയില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഒരൊറ്റകാര്യം പോലും, ഈ പ്രത്യേക അധികാരം ഉള്ളതിനാല്‍, ജമ്മുകശ്മീരിന് ബാധകമല്ല. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം പോലും തങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് വേണ്ടെന്നു വയ്‌ക്കാമായിരുന്നു. അതായത് ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഇന്ത്യയുടെ ഭരണഘടന പോലും ബാധകമല്ലാത്ത, ഒരു പ്രത്യേക രാജ്യം പോലെയാണ് ജമ്മു കശ്മീര്‍ നിലനിന്നിരുന്നത്. 1965 വരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയെന്നാണ് വിളിച്ചിരുന്നത്. ഗവര്‍ണറെ സദര്‍ ഇ റിയാസത്തെന്നും.

 1949-ല്‍ ജമ്മുകശ്മീര്‍ ഇന്ത്യയുമായി ചേര്‍ത്ത സമയത്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷെയ്ഖ് അബ്ദുള്ള അന്നത്തെ ഭരണാധികാരി ഹരി സിങ്ങില്‍ നിന്നാണ് അധികാരം ഏറ്റെടുത്തത്. തുടര്‍ന്ന് അബ്ദുള്ളയുടെ ആവശ്യപ്രകാരം നെഹ്റു സര്‍ക്കാരാണ് 370-ാം വകുപ്പ് ഭരണഘടനയില്‍ ചേര്‍ത്തത്. 1950-ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍ ഈ വകുപ്പമുണ്ട്. നെഹ്‌റു സര്‍ക്കാരിലെ വകുപ്പില്ലാ മന്ത്രി ഗോപാലസ്വാമി അയ്യങ്കാറാണ് വകുപ്പ് തയാറാക്കിയത്. അതിനു മുന്‍പ് മഹാരാജാ ഹരിസിങ്ങിന്റെ ദിവാനായിരുന്നു.

ജമ്മുകശ്മീരിന് സ്വയം ഭരണം വേണമെന്നാണ് ഷെയ്ഖ് അബ്ദുള്ള ആവശ്യപ്പെട്ടത്. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴിച്ചുള്ള കാര്യങ്ങളില്‍ എന്തു നിയമം നടപ്പാക്കണമെങ്കിലും പാര്‍ലമെന്റിന് ജമ്മു കശ്മീര്‍ നിയമസഭയുടെ അനുമതി വേണം. അങ്ങനെ ജമ്മു കശ്മീരികള്‍ക്ക് പ്രത്യേക നിയമവും മറ്റുമായിരുന്നു. പൗരത്വം, സ്വത്തവകാശം, മൗലിക അവകാശങ്ങള്‍ എന്നിവയടക്കം ഇവിടുത്തുകാര്‍ക്ക് പ്രത്യേക നിയമമായിരുന്നു.

അടിയന്തരാവസ്ഥയും  സാമ്പത്തിക അടിയന്തരാവസ്ഥയും

സാമ്പത്തിക പ്രതിസന്ധിവരുന്ന സമയത്ത് ജമ്മു കശ്മീരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. ഇക്കാര്യത്തില്‍ ഭരണഘടനയുടെ 360-ാം വകുപ്പാണ് സംസ്ഥാനത്തിന് പ്രത്യേക സംരക്ഷണം നല്‍കുന്നത്. യുദ്ധമോ വിദേശരാജ്യങ്ങളുടെ കടന്നുകയറ്റമോ ഉണ്ടായാല്‍ മാത്രമേ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്രത്തിന് അധികാരമുള്ളൂ. ഇനി ഏതെങ്കിലും കാരണവശാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെങ്കിലും അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം.

35എ വകുപ്പ്

ജമ്മു, കശ്മീര്‍, ലഡാക് എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേകം അവകാശം നല്‍കുന്ന വകുപ്പ്. 1954 മെയ് 14ന് രാഷ്‌ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ ഉള്‍പ്പെടുത്തിയ വകുപ്പ്. ഇവിടുത്തെ സ്ഥിരം താമസക്കാരെ വകുപ്പില്‍ നിര്‍വചിച്ചിക്കുന്നു. ഇവര്‍ക്കു മാത്രമേ  ഈ സംസ്ഥാനത്ത് സ്ഥിരമായി താമസിക്കാനും വസ്തു വാങ്ങാനും സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാനും സാധിക്കുകയുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെ ഭൂമി വാങ്ങാനോ, ജോലി ചെയ്യാനോ അനുവാദമില്ല. ഇവിടുത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പോലും സാധിക്കില്ല. അഥവാ മറ്റാര്‍ക്കെങ്കിലും ഇവിടെ ഭൂമി വാങ്ങണമെങ്കില്‍ അതിനു സര്‍ക്കാരിന്റെ അനുമതി വേണം. രാജ്യത്തെവിടെയും താമസിക്കാനും ജോലിചെയ്യാനുമുള്ള പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതാണ് ഇൗ വകുപ്പ്. 370-ാം വകുപ്പുമായി ബന്ധപ്പെട്ടാണ് ഈ വകുപ്പ്. അതിനാല്‍ 370-ാം വകുപ്പ് പോയാല്‍  ഈ വകുപ്പിനും പ്രസക്തിയില്ലാതാകും.

ലഡാക്ക്

ജമ്മു കശ്മീരിലെ സിയാച്ചിന്‍ മഞ്ഞുമല (ഗ്‌ളേഷ്യര്‍)മുതല്‍ കാറക്കോറം മലനിര വരെയും തെക്ക് ഹിമാലയം വരെയും നീണ്ടുകിടക്കുന്ന  ജമ്മുകശ്മീരിലെ ഭൂ വിഭാഗമാണ് ലഡാക്ക്. ടിബറ്റുമായി ചേര്‍ന്നു കിടക്കുന്ന ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്. അതാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ചൈന അവകാശം ഉന്നയിക്കുന്ന അക്‌സായി ചിന്‍ ഇവിടെ അതിര്‍ത്തിക്കടുത്താണ്. ലഡാക്കിലെ ഏറ്റവും വലിയ നഗരമാണ് ലേ. രണ്ടാമത്തെ നഗരമാണ് കാര്‍ഗില്‍. 39.7 ശതമാനം ബുദ്ധമതക്കാരും 12.1 ശതമാനം ഹിന്ദുക്കളും 46.4 ശതമാനം മുസ്ലിങ്ങളുമാണ് ഇവിടെ. മൊത്തം മൂന്നു ലക്ഷത്തോളമാണ് ജനസംഖ്യ.

ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് ഇനി ദാമന്‍ ദിയു പോലെ കേന്ദ്രഭരണപ്രദേശമാണ്. കേന്ദ്രമാണ് ഇവിടം ഇനി ഭരിക്കുക, ജമ്മു കശ്മീര്‍ സര്‍ക്കാരല്ല. മാനം മൂടുന്ന ഗിരിശൃംഗങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഇവിടത്തെ വികസനത്തിന് കേന്ദ്രത്തിന്റെ ഭാഗമായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ലഡാക്കിന്റെ മറുവശത്താണ് പാക്കിസ്ഥാന്റെ കൈവശമുള്ള ബാള്‍ട്ടിസ്ഥാന്‍. ഇന്ത്യക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരുടെ നാടാണ് ബാള്‍ട്ടിസ്ഥാന്‍.

Recent Posts