ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭ വിപ് ഭുവനേശ്വര്‍ കലിത രാജിവച്ചു.ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാജി വെച്ച കാര്യം അദ്ദേഹം പുറത്തുവിട്ടു. രാജ്യസഭ അംഗത്വം രാജിവയ്‌ക്കുന്നുവെന്നുമാത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
രാജ്യത്തിന്റെ വികാരം മാറിയെന്നും അത് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയില്ലെന്നും ആരോപിച്ചാണ് രാജിയെന്നാണ് സൂചന. അതിനിടെ ഭുവനേശ്വര്‍ കലിതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കത്ത് പ്രചരിക്കുന്നുണ്ട്. കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് ജന വികാരത്തിന് എതിരാണെന്നും പാര്‍ട്ടി സ്വീകരിക്കുന്ന നയം ആത്മഹത്യാ പരമാണെന്നും ഭുവനേശ്വര്‍ കലിത കത്തില്‍ പറയുന്നു. പാര്‍ട്ടിയെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ നാശത്തില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭുവനേശ്വര്‍ കലിതയുടെ രാജി രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്‌ട്രപതി സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജിവെച്ച കാരണങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കാനാവില്ലെന്നും നാളെയോ അതിനുശേഷമോ വിശദീകരിക്കാമെന്നും ഭുവനേശ്വര്‍ കലിത വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഭുവനേശ്വര്‍ കലിത.
കശ്മീരിനെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത തുടരുകയാണ്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുവിഴ്ചയ്‌ക്ക് തയ്യാറല്ലെന്ന് കോണ്‍ഗ്രസ് എംപിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന്റെ നിലപാട്.
















