ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലേക്കു കൂടുതല്‍ അര്‍ധസൈനികരെ അയച്ച് നിയന്ത്രണം ശക്തിപ്പെടുത്തിയിരിക്കുകയാണ് .
കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നീക്കം. സുരക്ഷയുടെ ഭാഗമായി 35000 പാരാമിലട്ടറി സൈനികരെ സംസ്ഥാനത്ത് വിന്യസിപ്പിച്ചിരിന്നു. അമര്‍നാഥ് തീര്‍ഥാടകരോടും വിനോദസഞ്ചാരികളോടും സംസ്ഥാനം വിട്ടുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കശ്മീരില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങള്‍ പൂര്‍ണമായും വിഛേദിച്ചു. സംസ്ഥാനങ്ങള്‍ക്ക് സുരക്ഷ ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍നിന്ന് എണ്ണായിരത്തോളം അര്‍ധസൈനികരെയാണ് വിമാനത്തില്‍ അടിയന്തരമായി കശ്മീര്‍ താഴ്വരയിലേക്കു കൊണ്ടുപോയത്. ശ്രീനഗറില്‍നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ഏതാണ്ട് 35000 അര്‍ധസൈനികരെ താഴ്വരയില്‍ വിന്യസിച്ചിരുന്നു. കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരിട്ട് ശ്രീനഗറിലെത്തിയാണ് സേനാ വിന്യാസത്തിനു ചുക്കാന്‍ പിടിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ടു ദിവസം കശ്മീരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്.
















