ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക നടപടി സ്വീകരിക്കുന്നതിനിടെ സൈനിക ഇടപെടലിനെ എതിര്‍ത്ത് ശശി തരൂര്‍ എംപി. കരുതല്‍ തടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പിന്തുണച്ചു തരൂര്‍ ട്വീറ്റും ചെയ്തു. ഒമര്‍ ഒറ്റയ്‌ക്കല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരും ഒപ്പമുണ്ടെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ജമ്മുവില്‍ എന്താണു സംഭവിക്കുന്നത്? പാതിരാത്രിയില്‍ യാതൊരു തെറ്റും ചെയ്യാത്ത നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്തിന്. ഭീകരതയ്‌ക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ മുഖ്യധാരാ നേതാക്കളെ ഒപ്പം നിര്‍ത്തണം. അവരെ ശത്രുക്കള്‍ ആക്കിയാല്‍ ആരാണ് അവശേഷിക്കുകയെന്നും തരൂരിന്റെ ട്വീറ്റ്.
അതേസമയം, കശ്മീരിനു സവിശേഷ അധികാരം നല്‍കുന്ന 35 എ വകുപ്പ് പിന്‍വാതിലിലൂടെ ഭരണഘടനയില്‍ കയറിക്കൂടിയതാണെന്നും പൗരന്മാര്‍ക്കു തുല്യാവകാശം എന്ന ഭരണഘടനാ തത്വത്തിനു വിരുദ്ധമാണിതെന്നും ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയ ഭേദഗതിയല്ല 35 എ വകുപ്പ്. രാഷ്‌ട്രപതി വിജ്ഞാപനം വഴി ഉള്‍പ്പെടുത്തിയതാണിത്. ആ സാഹചര്യത്തില്‍ ഭരണഘടനാ പരമായി ദുര്‍ബലമാണിതെന്നും ജയ്റ്റ്ലി.
















