ലഖ്‌നൗ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഉത്തര്‍പ്രദേശ് പ്രധാന ഘടകമാണെന്നും ചുരുങ്ങിയ കാലയളവിലാണ് ഉത്തര്‍പ്രദേശിന്റെ സമസ്ത മേഖലകളും അഭിവൃദ്ധിപ്പെട്ടതെന്നും ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ഉത്തര്‍പ്രദേശില്‍ 65,000 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന ഇരുന്നൂറ്റമ്പതോളം പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനപാലന രംഗത്തടക്കം എല്ലാ മേഖലകളിലും യുപിയെ മികച്ച നിലയിലെത്തിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുമോദിച്ച അമിത് ഷാ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും വ്യക്തമാക്കി.
65,000 കോടി രൂപയുടെ നിക്ഷേപം മൂലം സംസ്ഥാനത്ത് മൂന്ന് ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലുലു ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയുമായ യൂസഫലി തങ്ങളുടെ ഉത്തരേന്ത്യയിലെ ആദ്യ ഷോപ്പിങ് മാള്‍ പ്രോജക്ട് ലക്‌നൗവില്‍ നിര്‍മിക്കാനാണ് തീരുമാനിച്ചത്. ഇതിനായി യോഗിയെ സന്ദര്‍ശിച്ചപ്പോള്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നും ചടങ്ങില്‍ സംസാരിച്ച യൂസഫലി പറഞ്ഞു.
















