ആഗ്ര: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ അനുബന്ധ ബജറ്റില്‍ ടൂറിസം മേഖലയ്‌ക്ക് പ്രധാന്യം. ബജറ്റില്‍ ടൂറിസം വ്യവസായത്തിന് 163 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. ആഗ്രയില്‍ താജ്മഹലിനു സമീപം ഒരുങ്ങുന്ന മുഗള്‍ മ്യൂസിയത്തിന് 20 കോടിയും ക്ഷേത്രനഗരമായ അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്കായി 6 കോടിയും വകയിരുത്തിയിട്ടുണ്ട്.
സിതാപുരിലെ നൈമിഷാരണ്യ ക്ഷേത്രത്തിനും മിര്‍സാപുരിലെ വിന്ധ്യാവാസിനി ക്ഷേത്രത്തിനും പത്ത് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. 2016ല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ് ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
താജ്മഹലിന്റെ കിഴക്കന്‍ കവാടത്തിനടുത്താണ് മ്യൂസിയം വരുന്നത്. താജ്മഹലില്‍ നിന്ന് 1,300 മീറ്റര്‍ അകലെയാണ് മ്യൂസിയം. മുഗള്‍ കാലഘട്ടം, അവരുടെ ആയുധങ്ങള്‍, വസ്ത്രങ്ങള്‍, സംസ്‌കാരം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് സഞ്ചാരികളെ ബോധവല്‍ക്കരിക്കാന്‍ മ്യൂസിയത്തിന് കഴിയും.
















