മര്യാദാപുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയായ അയോധ്യ പഴയ കോസലദേശ ( ഇന്നത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ) ത്ത് സരയൂനദിയുടെ വലത്തേക്കരയില്‍ സ്ഥിതി ചെയ്യുന്ന അതിപ്രാചീന നഗരമാണ്. ഇക്ഷ്വാകു വംശജനായ ശ്രീരാമചന്ദ്രന്റെ വിശ്വവിഖ്യാതമായ ‘രാമരാജ്യ’ത്തിനു ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ കുശന്‍ മറ്റൊരിടത്ത് തന്റെ രാജധാനി പണികഴിപ്പിക്കുകയും അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം വിക്രമാദിത്യന്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു. ക്രിസ്തു വര്‍ഷം 1528 ല്‍ വിദേശ ആക്രമണകാരിയായ ബാബര്‍ ഈ ക്ഷേത്രം നശിപ്പിച്ച് അവിടെ മസ്ജിദ് പടുത്തുയര്‍ത്തുവാന്‍ തുടങ്ങി. എന്നാല്‍ രാമഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മസ്ജിദ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മിനാരങ്ങള്‍ പണിയാതെ മൂന്ന് ഗോപുരങ്ങള്‍ മാത്രം എങ്ങനെയോ അവിടെ അവശേഷിച്ചു. ഗോപുരങ്ങള്‍ക്കിടയിലായി തകര്‍ക്കപ്പെട്ട, ക്ഷേത്രത്തൂണുകളും ബിംബങ്ങളും കലശങ്ങളും മറ്റും ഗതകാലസ്മൃതിയോടെ കിടന്നു.
















