ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഓഫീസിലെത്തിയ കുഞ്ഞ് വിശിഷ്ട അതിഥി ബി.ജെ.പി എംപിയുടെ കൊച്ചുമകന്‍. മധ്യപ്രദേശിലെ ഉജ്ജൈയിനില്‍ നിന്നുള്ള സത്യനാരായണന്‍ എംപിയുടെ കൊച്ചുമകനാണ് സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകളായി വൈറലായിരിക്കുന്നത്. മുത്തച്ഛനോടൊപ്പം പാര്‍ലമെന്റ് മന്ദിരം കാണാനെത്തിയതായിരുന്നു കുഞ്ഞ്. തുടര്‍ന്ന് ഇവര്‍ പാര്‍ലമെന്റിന് അകത്തുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തുകയായിരുന്നു. കുഞ്ഞ് അതിഥിക്ക് മധുര പലഹാരങ്ങള്‍ നല്‍കിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

പാര്‍ലമെന്റില്‍ തന്നെ കാണാന്‍ എത്തിയ കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമന്ത്രി പുറത്തുവിട്ടിരിക്കുന്നത്. പ്രധാന മന്ത്രിക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന ജാട്യയുടെ കൊച്ചുമകന്റെ രണ്ടു ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആദ്യ പ്രചരിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുമ്പോഴും മേശപ്പുറത്തിരുന്ന മിഠായികളിലാണ് ആ കൊച്ചു കുഞ്ഞിന്റെ ശ്രദ്ധ മുഴുവനും. ഈ ചിത്രങ്ങള്‍ രണ്ടു മണിക്കൂറിനുള്ളില്‍ പത്തുലക്ഷം ലൈക്കും പതിമൂവായിരത്തിലേറെ കമന്റുമാണ് ലഭിച്ചിരിക്കുന്നത്. മോദിക്കൊപ്പമുള്ള കുഞ്ഞ് ആരാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തെരയുന്നത്. അനുഷ്‌ക വിരാട് കോഹ്ലി വിവാഹ ചിത്രത്തിന് ശേഷം ഏറ്റവുകൂടുതല്‍ ലൈക്ക് നേടിയത് പ്രധാനമന്ത്രി ഇന്നു പങ്ക് വെച്ച ചിത്രത്തിനാണ്.
















