ചെന്നൈ: വിക്ഷേപണ പേടകത്തില്‍ കണ്ടെത്തിയ ചെറിയ പിഴവും പരിഹരിച്ച് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം, ചന്ദ്രയാന്‍-2 ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഉച്ചയ്‌ക്ക് 2.43നാണ് വിക്ഷേപണം. ക്രയോജെനിക് എഞ്ചിനിലെ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ജൂലൈ 15ന് നിര്‍ത്തിവെച്ച വിക്ഷേപണമാണ് ഇന്ന് നടത്തുന്നത്. വിക്ഷേപണ റിഹേഴ്‌സലും വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
സാങ്കേതിക തകരാര്‍ പരിഹരിച്ചെന്നും റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. വിക്ഷേപണത്തിനു മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43 ന് ആരംഭിച്ചു. വരും ദിവസങ്ങളില്‍ 15 നിര്‍ണായക പ്രവര്‍ത്തനങ്ങളാകും ചന്ദ്രയാന്‍ പൂര്‍ത്തിയാക്കുകയെന്നും കെ. ശിവന്‍ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ പര്യവേക്ഷണം എന്ന പ്രത്യേകതയും ചന്ദ്രയാന്‍-2ന് ഉണ്ട്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യവും ചന്ദ്രയാന്‍-2 തന്നെ.
സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ ചന്ദ്രയാന്‍-2ന്റെ വിഭാവനവും വികസനവും നിര്‍വ്വഹിച്ചത് പൂര്‍ണമായും ഇന്ത്യ തന്നെയായിരുന്നു. സെപ്തംബര്‍ ആറിനോ ഏഴിനോ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് കരുതുന്നത്.
റോക്കറ്റിന്റെ ക്രയോജെനിക് അപ്പര്‍ സ്റ്റേജ് എഞ്ചിനില്‍ ഇന്ധനം നിറയ്‌ക്കവെയാണ് 15ന് ചോര്‍ച്ച കണ്ടെത്തിയത്. 978 കോടി ദൗത്യത്തിന്റെ വിക്ഷേപണത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ, തകരാറ് തിരിച്ചറിഞ്ഞ് സമയോചിത തീരുമാനമെടുത്ത ഐഎസ്ആര്‍ഒയെ പിന്തുണച്ച് വിദഗ്ധരും ജനങ്ങളും രംഗത്തെത്തിയിരുന്നു.
















