ബെംഗളൂരു: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ മൈസൂരുവിലെ മഹാരാജ കോളേജ് മൈതാനത്ത് പൊതുദർശനത്തിന് വെക്കും. ആരാധകർക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കിയതായി കർണാടക സർക്കാർ അറിയിച്ചു. തുടർന്ന് വൈകിട്ട് 4.30-ന് മൈസൂരുവിലെ കനിയനഹുണ്ടി ഫാംഹൗസിൽ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.
മൈസൂരുവിൽ തന്നെയാകണം തന്റെ സംസ്കാരമെന്നത് എസ്. ജാനകിയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഇതനുസരിച്ചുള്ള വിപുലമായ ക്രമീകരണങ്ങളാണ് മൈസൂരുവിൽ ഒരുക്കിയിരിക്കുന്നത്. പൊതുദർശനം മഹാരാജാ കോളജ് ഗ്രൗണ്ടിൽ ആണ് ഒരുക്കുന്നത്.
കർണാടക മുഖ്യമന്ത്രി, മന്ത്രിമാർ, സംഗീത-സിനിമ രംഗത്തെ പ്രമുഖർ, വിവിധ രാഷ്‌ട്രീയ നേതാക്കൾ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കും. അന്ത്യയാത്രയോടനുബന്ധിച്ച് നഗരത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രിയ ഗായികയെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തുമെന്ന കണക്കുകൂട്ടലിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കർണാടക പൊലീസും പ്രാദേശിക ഭരണകൂടവും ഒരുക്കിയിട്ടുള്ളത്.ഇന്ന് രാവിലെ 8:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെയാണ് പൊതുദർശനം.ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നവർക്കായി ഗ്രൗണ്ടിൽ പ്രത്യേക പവലിയൻ സജ്ജീകരിച്ചിട്ടുണ്ട്.സിനിമാ-സാംസ്കാരിക‑രാഷ്‌ട്രീയ രംഗത്തെ പ്രമുഖർക്കായി പ്രത്യേക പ്രവേശന കവാടവും ക്രമീകരണങ്ങളും ഏർപ്പെടുത്തി.
പൊതുദർശനം നടക്കുന്ന മഹാരാജാ കോളജ് ഗ്രൗണ്ടിലേക്കും പരിസര പ്രദേശങ്ങളിലേക്കും വലിയ ജനപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മൈസൂരു നഗരത്തിൽ പോലീസ് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിൽ നിന്നും വാഹനങ്ങൾ തിരിച്ചുവിടുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
ജാനകിയമ്മയുടെ നിര്യാണ വാർത്ത കൊച്ചുമകൾ അപ്സര വിദ്യുലയാണ് സോഷ്യൽ മീഡിയയിലൂടെ സിനിമാ ലോകത്തെയും ആരാധകരെയും അറിയിച്ചത്. അപ്രതീക്ഷിത വിയോഗത്തിൽ കുടുംബം അഗാധമായ ദുഃഖത്തിലാണെന്നും, ഈ പ്രയാസകരമായ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര ഫേസ്ബുക്ക് കുറിപ്പിൽ അഭ്യർത്ഥിച്ചു.
അവസാന കാലത്ത് വിശ്രമജീവിതത്തിനായി ജാനകി തിരഞ്ഞെടുത്തത് കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ മൈസൂരുവായിരുന്നു. 2017-ൽ സംഗീത സപര്യയിൽനിന്ന് വിരമിക്കുന്നവേളയിൽ അവസാന ഗാനം ആലപിക്കാൻ തിരഞ്ഞെടുത്തതും മൈസൂരുവിലെ വേദിയായിരുന്നു.
ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലയിൽ ഉള്ളവർ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി. അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര, കോൺഗ്രസ് അധ്യക്ഷനും കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവുമായ മല്ലികാർജുൻ ഖാർഗെ, തുടങ്ങി ഒട്ടേറെ നേതാക്കൾ ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ സംഗീതലോകത്തെ അപൂർവ പ്രതിഭകളിൽ ഒരാളായിരുന്നു. മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ സ്വന്തമാക്കിയ അവർ വിവിധ സംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങളും നേടി. 2013ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണന ചൂണ്ടിക്കാട്ടി സ്വീകരിക്കാതിരുന്നതും ജാനകിയുടെ നിലപാടിന്റെ ഉദാഹരണമായി ഇന്നും ഓർക്കപ്പെടുന്നു.
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും ജാനകിയമ്മയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമാ മേഖലയിലെ പ്രമുഖർ നേരിട്ട് ആദരാഞ്ജലി അർപ്പിക്കാൻ മൈസൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
















