ടെഹ്‌റാന്‍: അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന ആണവകേന്ദ്രം ഇറാൻ പുനർനിർമ്മിക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ പ്രധാന ഭൂഗർഭ ആണവ കേന്ദ്രങ്ങളിലൊന്നായ പാർചിൻ സൈനിക സമുച്ചയത്തിലെ ‘തലേഘാൻ-2’ കേന്ദ്രമാണ് പുനർനിർമ്മിക്കുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്.
സി.എൻ.എന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റിയും സംയുക്തമായി വിശകലനം ചെയ്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2026 ജൂൺ മുതൽ ജൂലൈ ആദ്യം വരെ പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ ഭൂഗർഭ കേന്ദ്രത്തിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് കാണുന്നത്.
നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും പൂർത്തിയാക്കിയ ശേഷം ആണവ കേന്ദ്രത്തിൽ ഇറാൻ സ്ഥിരമായി അറ്റകുറ്റപ്പണികളും പുനർനിർമാണവും ആരംഭിച്ചെന്നാണ് വിലയിരുത്തൽ. ആണവായുധ ഗവേഷണത്തിനായുള്ള പരീക്ഷണ അറകളും ഉപകരണങ്ങളും ഈ കേന്ദ്രത്തിലുണ്ടെന്നാണ് സൂചന.
2026 ജൂൺ 12-ഓടെ ആണവ കേന്ദ്രത്തിന്റെ ബോംബ് പതിച്ച മൂന്ന് ഭാഗങ്ങൾ ഇറാൻ താൽക്കാലികമായി മൂടിയതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. തെക്കൻ പ്രവേശന കവാടത്തിലേക്കുള്ള വഴിയിലൂടെ സഞ്ചാരത്തിന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബോംബ് ആക്രമണത്തിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന ഏക പ്രവേശന കവാടം അതായിരുന്നുവെന്നാണ് വിലയിരുത്തൽ.
അതേസമയം, വലിയ തോതിൽ തകർന്ന വടക്കൻ പ്രവേശന കവാടം ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന നിലയിലല്ല. ജൂൺ 18-ന് നിരവധി ട്രക്കുകളും വലിയ ക്രെയിനും സ്ഥലത്തെത്തിയിരുന്നു. ഇതോടെ ആണവ കേന്ദ്രത്തിന്റെ പുനർനിർമാണം സജീവമായി. തകർന്ന ആസ്ഥാന മന്ദിരത്തിന്റെ അവശിഷ്ടങ്ങളും തൊഴിലാളികൾ നീക്കം ചെയ്തു. ജൂൺ 20-ലെ ചിത്രങ്ങളിൽ തലേഘാൻ-2 സമുച്ചയത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വൃത്തിയാക്കിയതായി കാണാം.
വാൻടോർ ടെക്‌നോളജീസ് ജൂൺ 22-നും ജൂലൈ 7-നും പകർത്തിയ ചിത്രങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണികളിൽ നിന്ന് സ്ഥിരം പുനർനിർമാണത്തിലേക്ക് ഇറാൻ കടന്നതായി സാക്ഷ്യപ്പെടുത്തുന്നു. ജൂൺ 22-ഓടെ ബോംബ് പതിച്ച സ്ഥലങ്ങൾക്ക് ചുറ്റുമുള്ള മണ്ണ് മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു. അതേസമയം ഭൂഗർഭ കേന്ദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗം കൂടുതൽ ബലപ്പെടുത്തുന്നതിനായി പുതിയ കോൺക്രീറ്റ് ഉപയോഗിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്.
ജൂലൈ 7-ന് ക്രെയിൻ ബോംബ് പതിച്ച ഭാഗത്തിന് മുകളിലായി പ്രവർത്തിക്കുന്നതും കേടുപാടുകൾ സംഭവിച്ച മേൽക്കൂരയിലേക്ക് പ്രവേശനം കൂടുതൽ എളുപ്പമാക്കിയതും ചിത്രങ്ങളിൽ കാണാം. ദ്വാരങ്ങൾക്ക് മുകളിൽ സ്റ്റീൽ കമ്പി വല സ്ഥാപിച്ചശേഷം ബലപ്പെടുത്തിയ കോൺക്രീറ്റ് ഉപയോഗിച്ച് അടയ്‌ക്കുന്ന ജോലിയാണ് നടക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി വിലയിരുത്തുന്നു.
2026-ലെ സംഘർഷത്തിനിടെ തലേഘാൻ-2 കേന്ദ്രം രണ്ട് ഘട്ടങ്ങളിലായി ആക്രമിക്കപ്പെട്ടു. മാർച്ച് 11-ഓടെയായിരുന്നു ആദ്യ ആക്രമണം. ഭൂഗർഭ കേന്ദ്രം തകർന്നതോടെ സംരക്ഷണ ഭിത്തിയും തകർന്നുവീണു. സമീപത്തെ കെട്ടിടം നശിക്കുകയും ചെയ്തു. സമീപത്തെ തലേഘാൻ-1 കേന്ദ്രവുമായി ബന്ധപ്പെട്ട ഫയർ കൺട്രോൾ, ഉപകരണ കെട്ടിടങ്ങളും മറ്റൊരു ആക്രമണത്തിൽ തകർന്നു.
മാർച്ച് 24 മുതൽ ഏപ്രിൽ 1 വരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഇതിൽ സമീപത്തെ ആസ്ഥാന മന്ദിരം പൂർണമായും നശിച്ചു. നിലവിൽ രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് പുനർനിർമാണം നടക്കുന്നത്. 2024 ഒക്ടോബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും തലേഘാൻ-2 തകർന്നിരുന്നു. 2025 മെയ് മാസത്തോടെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായിരുന്നു.
















