ന്യൂദല്‍ഹി : കാര്യക്ഷമമല്ലാതെ നിഷ്‌ക്രിയരായിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. റെയില്‍ വകുപ്പില്‍ നിഷ്‌ക്രിയരായിരുന്ന ഏഴ് ഉദ്യോഗസ്ഥരെ കേന്ദ്രം പിരിച്ചുവിട്ടു. മറ്റ് മൂന്നു പേര്‍ക്കെതിരെ നടപടി തുടങ്ങി.
കാര്യക്ഷമമല്ലാതിരുന്ന 27 പേരെ അടുത്തിടെ നികുതി വകുപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് റെയില്‍ വകുപ്പിലും നടപടി ആരംഭിച്ചിരിക്കുന്നത്.
കാര്യക്ഷമത കുറഞ്ഞവരുടെയും അഴിമതിക്കേസുകളില്‍ കുടുങ്ങിയവരുടെയും പട്ടിക എല്ലാ മാസവും 15 നുള്ളില്‍ പഴ്‌സണല്‍ മന്ത്രാലയത്തിനു കൈമാറാന്‍ നേരത്തേ തന്നെ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ നടപടി സ്വീകരിക്കേണ്ടവരുടെ പട്ടിക എല്ലാ മാസവും 8നു മേഖലാ ജനറല്‍ മാനേജര്‍മാര്‍ സമര്‍പ്പിക്കണമെന്നാണു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശം.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം നിയമനടപടികള്‍ക്കു വഴിവയ്‌ക്കാത്ത വിധം അഭിപ്രായ രൂപീകരണം ഉറപ്പാക്കണമെന്നും കേന്ദ്രം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















