ബെംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്‌ട്രീയ പ്രതിസന്ധി മുറുകുമ്പോഴും ‘കൂളായി’ ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ. എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി കൈകാലിട്ട് അടിക്കുമ്പോള്‍ യെഡിയൂരപ്പയും എംഎല്‍എമാരും യെലഹങ്കയിലെ റിസോര്‍ട്ടില്‍ ക്രിക്കറ്റ് കളിച്ച് ഉല്ലസിക്കുകയാണ്.
കര്‍ണ്ണാടക ബിജെപി നേതൃത്വത്തിന്റെ മീഡിയ സെലാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, കര്‍ണാടകയില്‍ രാജിവച്ച എംഎല്‍എമാരുടെ കാര്യത്തില്‍ എന്തു തീരുമാനവും എടുക്കാനുള്ള അവകാശം സ്പീക്കര്‍ക്ക് സുപ്രീം കോടതി വിട്ടു . വിഷയത്തില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിമത എംഎല്‍എമാര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കേണ്ട. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ പതനം ആസന്നമായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ നാടകീയത ഏറുമെന്നും വ്യക്തം. വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നത് വരെ എംഎല്‍എമാരെ സഭ നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി. വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് എപ്പോള്‍ വേണം എങ്കിലും തീരുമാനം എടുക്കാം. തീരുമാനം എടുക്കാന്‍ സ്പീക്കറോട് ഉത്തരവിടാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും, പ്രസ്തുത തീരുമാനം തങ്ങള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ മാത്രം വിശദമായി പരിശോധിക്കാമെന്നും സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും, എന്നാല്‍ അത് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.രാജി സ്വീകരിക്കണമെന്നോ അരുതെന്നോ നിര്‍ദ്ദേശിക്കാന്‍ നിയമനിര്‍മ്മാണ സഭയ്‌ക്കു മേല്‍ സുപ്രീം കോടതിക്കും അധികാരമില്ലെന്ന് വ്യക്തമായതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ പതനം ഉറപ്പായതായാണു കര്‍ണാടകയില്‍ നിന്നുള്ള വാര്‍ത്തകള്‍.
















