ന്യൂദല്‍ഹി: മുംബൈ -ദല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലക്‌നൗവിലിറക്കി. 300 കിലോഗ്രാം ഇന്ധനം മാത്രം ശേഷിക്കെയാണ് 153 യാത്രക്കാരുമായി പോയ വിമാനം ലക്‌നൗവിലേക്ക് തിരിച്ചുവിട്ടത്. തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തു.
സാധാരണ എയര്‍ബസ് എ320 വിമാനങ്ങളില്‍ 60 മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനം യാത്ര അവസാനിക്കുന്ന സമയത്ത് ഉണ്ടാകാറുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഇതാണ് വിമാനങ്ങള്‍ ഉപയോഗിക്കാറുള്ളതെന്ന് വിസ്താര അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ കരുതിയിരുന്ന ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം വഴിതിരിച്ചുവിട്ട് ലക്‌നൗവില്‍ ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നുവെന്ന് അവര്‍ അറിയിച്ചു.
ആദ്യം ദല്‍ഹിയിലേക്കു തിരിച്ചുപറക്കാനാണ് വിസ്താര വിമാനം കരുതിയിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ ലക്‌നൗവിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ലക്‌നൗവില്‍ എത്തുന്നതിന് മുന്‍പുതന്നെ അവിടെയും കാലാവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് കാണ്‍പൂരും അലഹബാദും പരിഗണിച്ചു. പ്രയാഗ്രാജിലേക്ക് തിരിച്ചുപറക്കാന്‍ തുടങ്ങുമ്പോഴേക്കും ലക്‌നൗവില്‍ സ്ഥിതി മെച്ചപ്പെടുകയും അവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.
















