ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ച് വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ക്രയോജനിക് ഘട്ടത്തില്‍ ഇന്ധനം നിറയക്കുന്നതുള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജിഎസ്എല്‍വി വിക്ഷേപണവാഹനത്തിന്റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍, ആക്ഷന്‍ ത്രില്ലര്‍ സിനിമകളെക്കാള്‍ കുറഞ്ഞ ചെലവാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റേതെന്ന് ചുരുക്കം.
ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വച്ചിരുന്നത്. ചന്ദ്രനെ വലം വയ്‌ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട്.
















