ന്യൂദല്‍ഹി: പ്രതിരോധരംഗത്തും സ്വയംപര്യാപ്തതയിലേക്ക് കുതിച്ച് ഭാരതം. മെയ്‌ക്ക് ഇന്‍ ഇന്ത്യാവഴി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ടോര്‍പ്പിഡോ ‘ഷെയ്‌ന’ യുടെ ആദ്യ ബാച്ച് കയറ്റി അയച്ചു. 2017 ല്‍ മ്യാന്‍മറുമായി ഒപ്പു വച്ച 38 ദശലക്ഷം ഡോളറിന്റെ പ്രതിരോധ കരാര്‍ അനുസരിച്ച് നിര്‍മ്മിച്ചതാണ് ഈ ആയുധങ്ങള്‍.
ഡി.ആര്‍.ഡി.ഓയുടെ കീഴിലുള്ള നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറി വികസിപ്പിച്ച ഈ ടോര്‍പ്പിഡോകള്‍ നിര്‍മ്മിച്ചത് വിശാഖപട്ടണത്തെ പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ആണ് . ലോഞ്ചറുകളില്‍ ടോര്‍പ്പിഡോകള്‍ ഇണക്കിച്ചേര്‍ക്കുന്ന ഘട്ടം ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ കമ്പനിയാണ് നിര്‍വ്വഹിച്ചത്.
ഇന്‍ഡ്യയും മ്യാന്മറും തമ്മിലുള്ള ശക്തമായ പ്രതിരോധ ബന്ധത്തിന്റെ തെളിവാണ് ഈ ആയുധക്കയറ്റുമതി. നേരത്തെ നേവല്‍ സോണാറുകളും ഡ്രോണുകളും മ്യാന്മറിന് ഇന്‍ഡ്യ കൈമാറിയിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒളിച്ചുപാര്‍ക്കുന്ന തീവ്രവാദികളെ നേരിടുന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ സഹകരണം നിലവിലുണ്ട്.
















