ന്യൂദല്‍ഹി : സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഒഴിവ് വരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാമെന്ന് സുപ്രീംകോടതി. എന്നാല്‍ എന്‍ആര്‍ഐ മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചു മാത്രമേ ഒഴിവ് വരുന്ന സീറ്റുകള്‍ അനുവദിക്കാവൂവെന്നും കോടതി അറിയിച്ചു.
അതേസമയം പ്രവേശനസമയത്ത് ബാങ്ക് ഗ്യാരണ്ടി നല്‍കണം എന്ന ഹര്‍ജിയിലെ ആവശ്യത്തെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയിലെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും ബാങ്ക് ഗ്യാരണ്ടി നല്‍കണോ എന്നു നിശ്ചയിക്കുക.
എന്‍ആര്‍ഐ സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ സീറ്റ് ഒഴിച്ചിടുകയാണെന്നും ഇത് പുറത്തു നല്‍കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
15 ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ ചിലത് വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ഒഴിച്ചിടേണ്ടി വരുന്നുവെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം. 15 ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യാ ക്വോട്ടയില്‍ പ്രവേശനം നല്‍കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്.
















