ഭോപ്പാല്‍: കര്‍ണാടകത്തിലെ പ്രതിസന്ധി കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ആശങ്കയില്‍. നാമമാത്രമായ ഭൂരിപക്ഷം മാത്രമുള്ള തന്റെ സര്‍ക്കാരും വീഴുമോ എന്ന ഭയം കാരണം കമല്‍നാഥ് എംഎല്‍എമാരെ കൂടെപ്പിടിച്ച് നിര്‍ത്താനുള്ള കഠിനശ്രമത്തിലാണ്.
ഒന്‍പതു മാസം മാത്രമായ കമല്‍നാഥ് സര്‍ക്കാര്‍, ഭീഷണി ഒഴിവാക്കാന്‍ സകല തന്ത്രങ്ങളും പയറ്റുന്നുണ്ട്. നിയമസഭാ സമ്മേളനം കഴിയും വരെ എംഎല്‍എമാര്‍ ആരും സംസ്ഥാനം വിട്ടുപോകരുതെന്നാണ് കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും തന്നെ പിന്തുണയ്‌ക്കുന്ന ബിഎസ്പി, എസ്പി, സ്വതന്ത്ര എംഎല്‍എമാര്‍ക്കും നല്‍കിയ നിര്‍ദേശം. സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക് വരുമ്പോള്‍ അവ വോട്ടിനിട്ട് പാസാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ വോട്ടിനിട്ടാല്‍, മുഴുവന്‍ എംഎല്‍എമാരും സഭയില്‍ ഇല്ലെങ്കില്‍ കുഴപ്പമാകും. ജൂലൈ എട്ടിന് തുടങ്ങിയ നിയമസഭ 26 വരെയാണ് ചേരുന്നത്. എംഎല്‍എമാരെ കമല്‍നാഥ് നിരീക്ഷിക്കുന്നുമുണ്ട്.
സഭയില്‍ മുഴുവന്‍ എംഎല്‍എമാരും ഹാജരാകണമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാല്‍ ഭാര്‍ഗവ നിര്‍ദേശിച്ചിരിക്കുന്നതും. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടിവരുന്ന ഒരവസരവും നഷ്ടപ്പെടുത്തരുതെന്നാണ് ബിജെപിയുടെ തീരുമാനം. അതിനാലാണ് സാമ്പത്തിക കാര്യങ്ങളില്‍ ചര്‍ച്ച വരുമ്പോള്‍ വോട്ടിനിടാന്‍ ബിജെപി ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളെയാണ് ഭയപ്പെടുന്നത്. പിന്തുണ പിന്‍വലിക്കുമെന്ന് ആദ്യം ബിഎസ്പി ഭയപ്പെടുത്തിയിരുന്നതുമാണ്. കോണ്‍ഗ്രസിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. കമല്‍നാഥിനെതിരെ പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പുണ്ട്. രാജ്യത്തെ മൊത്തം സാഹചര്യം കണക്കാക്കിയാണ് പലരും അനങ്ങാതിരിക്കുന്നത്. അനുകൂല സാഹചര്യം വന്നാല്‍, കമല്‍നാഥിനെ മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്താം.















