ന്യൂദല്‍ഹി: ജന്‍ധന്‍ പദ്ധതി ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞതായി ധനകാര്യമന്ത്രാലയം. 36.06 കോടി അക്കൗണ്ടുകളില്‍ ആകെ 1,00,495.94 കോടി രൂപ നിക്ഷേപമുണ്ടെന്നാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജൂലൈ മൂന്ന് വരെയുള്ള കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടത്.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ട് സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014ല്‍ ‘പ്രധാനമന്ത്രി ജന്‍ധന്‍ യോജന'(പിഎംജെഡിവൈ) അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് ഉടമകളില്‍ 50 ശതമാനവും സ്ത്രീകളാണ്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടായിട്ടാണ് പദ്ധതിയെങ്കിലും റുപേ ഡെബിറ്റ് കാര്‍ഡിന്റെയും ഓവര്‍ ഡ്രാഫ്റ്റിന്റെയും സൗകര്യവും ഒരുക്കിയിരുന്നു. 28.44 കോടിയിലധികം അക്കൗണ്ട് ഉടമകള്‍ക്ക് രൂപ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കി. ബിഎസ്ബിഡി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല.
പദ്ധതി വിജയം നേടിയതോടെ 2018 ഓഗസ്റ്റിനു ശേഷം ആരംഭിച്ച പുതിയ അക്കൗണ്ടുകള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഇതിനു പുറമെ ഓവര്‍ ഡ്രാഫ്റ്റ് പരിധി 10,000 രൂപയായി ഉയര്‍ത്തി. അടിസ്ഥാന സേവിങ്‌സ് അക്കൗണ്ട്, വായ്‌പ, പണമടയ്‌ക്കല്‍ സൗകര്യം, ഇന്‍ഷുറന്‍സ്, ദുര്‍ബല വിഭാഗങ്ങള്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും പെന്‍ഷന്‍ എന്നിങ്ങനെ വിവിധ ധനകാര്യ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് പിഎംജെഡിവൈയുടെ ലക്ഷ്യം.
















