അഹമ്മദാബാദ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കൊലയാളിയെന്നു വിളിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിന് അഹമ്മദാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. അടുത്ത മാസം ഒമ്പതിന് രാഹുല്‍ നേരിട്ടു ഹാജരാകാനാണ് കോടതി ഉത്തരവ്.ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ അമിത് ഷായെ കൊലയാളിയെന്ന് വിളിച്ചത്. തുടര്‍ന്ന് ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. കേസില്‍ ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും രാഹുല്‍ എത്തിയില്ല. തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ചത്.
രാഹുല്‍ പ്രസംഗിച്ചത് ഇങ്ങനെ:
”അമിത് ഷാ കൊലക്കേസ് പ്രതിയാണ്, ആഹാ, എന്തൊരു സംഭവം, നിങ്ങള്‍ ജെയ്ഷായുടെ (അമിത് ഷായുടെ മകന്‍) പേര് കേട്ടോ അയാള്‍ മാ്രന്തികനാണ്, അരലക്ഷം രൂപ മൂന്നു മാസം കൊണ്ട് 80 കോടിയാക്കിയ മാന്ത്രികന്‍..”
2005 ലെ ഷെയ്ഖ് സൊറാബുദ്ദീന്‍ കേസില്‍ ഷായെ പ്രതിചേര്‍ത്തിരുന്നുവെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണയ്‌ക്കുള്ള തെളിവു പോലുമില്ലെന്നാണ് അന്ന് കോടതി കണ്ടെത്തിയത്. വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ കഴിഞ്ഞ വര്‍ഷം ബോംബെ ഹൈക്കോടതി തള്ളി.
മോദിമാരെല്ലാം കള്ളന്മാരാണെന്ന പ്രസംഗത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ബീഹാര്‍ കോടതിയില്‍ എത്തി ജാമ്യമെടുത്തിരുന്നു. ഗൗരിലങ്കേഷിനെ കൊന്നത് ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞാഴ്ച മസഗോണ്‍ കോടതിയില്‍ ഹാജരായി ജാമ്യമടുത്തു. ഈ കേസില്‍ സപ്തംബര്‍ 22ന് വിചാരണ തുടങ്ങും.
നോട്ട് നിരോധനസമയത്ത് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745 കോടിയുടെ അസാധു നോട്ട് മാറി നല്‍കിയെന്ന പ്രസ്താവനക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഈ മാസം 12ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകണം.
















